ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ എംബസിക്ക് സമീപം ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല.

ആക്രമണത്തെ തുടര്‍ന്ന് ഉന്നത സുരക്ഷാ മേഖലകളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്നോ കൃത്യമായി എത്ര റോക്കറ്റുകള്‍ പതിച്ചെന്നോ വ്യക്തമല്ലെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് എംബസി സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിന് സമീപം വിമാനം ചുറ്റിക്കറങ്ങിയിരുന്നെന്നും ശക്തമായ സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടെന്നും എഎഫ്പി പ്രതിനിധികള്‍ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന പത്തൊമ്പതാമത്തെ ആക്രമണമാണിത്. എന്തെങ്കിലും ചെറിയ പ്രകോപനമുണ്ടായാല്‍ പോലും അമേരിക്കയെയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഫെബ്രുവരി 13 ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേജര്‍ ജനറല്‍ ഹൊസീന്‍ സലാമിയാണ് ഈ ഭീഷണി ഉയര്‍ത്തിയിരുന്നത്. ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് തലവനായിരുന്ന കാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായത്.

Story Highlights: Rocket attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top