Advertisement

21ന് വനിതാ ടി-20 ലോകകപ്പ്; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും

February 16, 2020
Google News 1 minute Read

ഇക്കൊല്ലത്തെ വനിതാ ടി-20 ലോകകപ്പ് ഈ മാസം 21ന് ആരംഭിക്കും. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ആതിഥേയരെ നേരിടും. സിഡ്നി ഒളിമ്പിക് പാർക്കിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം. മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ.

ഫ്രണ്ട് ഫുട്ട് നോ ബോൾ തേർഡ് അമ്പയർ വിധിക്കും എന്നതാണ് ഇക്കൊല്ലത്തെ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. 10 ടീമുകളാണ് ലോകകപ്പിൽ അണിനിരക്കുക. 2018 ലോകകപ്പിൽ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തിയ ടീമുകൾ സ്വമേധയാ ഈ ലോകകപ്പിലേക്ക് യോഗ്യത നേടിയപ്പോൾ യോഗ്യതാ മത്സരങ്ങൾ കളിച്ച് തായ്ലൻഡും ബംഗ്ലാദേശും എത്തി.

ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ടീമുകൾ പോരടിക്കുക. ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം ബംഗ്ലാദേശും ഗ്രൂപ്പ് എയിൽ അണിനിരക്കും. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എയിൽ നിന്ന് ആരൊക്കെ സെമിഫൈനൽ കാണുമെന്നത് നിർണായകമാകും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, പാകിസ്താൻ, തായ്ലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സെമിയിലേക്ക് മുന്നേറാനാണ് സാധ്യത.

പെർത്തിലെ വാക്ക, മെൽബണിലെ ജംഗ്ഷൻ ഓവൽ, കാൻബറയിലെ മനുക ഓവൽ, സിഡ്നി ഒളിമ്പിക് പാർക്ക് എന്നീ സ്റ്റേഡിയങ്ങളിലാണ് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. സെമിഫൈനൽ മത്സരങ്ങൾ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലും ഫൈനൽ മെൽബണിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലും നടക്കും.

കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയയാണ് ജേതാക്കളായത്. വെസ്റ്റ് ഇൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട് പുറത്തായി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു കലാശപ്പോര്.

Story Highlights: Womens T-20 world cup february 21st

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here