‘പറ്റിയ താരമാണെങ്കിൽ അദ്ദേഹം ലോകകപ്പ് ടീമിൽ ഉണ്ടാവും’; എബി ഡിവില്ല്യേഴ്സ് മടങ്ങി വരാൻ സാധ്യതയെന്ന് മാർക്ക് ബൗച്ചർ

എബി ഡിവില്ല്യേഴ്സ് ടി-20 ലോകകപ്പ് ടീമിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകനും മുൻ താരവുമായ മാർക്ക് ബൗച്ചർ. അദ്ദേഹം പറ്റിയ താരമാണെങ്കിൽ ടീമിൽ ഉണ്ടാവുമെന്നും ഉടൻ ഇതിൽ ഔദ്യോഗിക വിശദീകരണം ഉണ്ടാവുമെന്നും ബൗച്ചർ ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

“അദ്ദേഹം മാധ്യമങ്ങളിലും പൊതുജനങ്ങളിലും ചർച്ചയാണ്. പക്ഷേ, അദ്ദേഹം ഞങ്ങൾക്കിടയിൽ ഒരു ചർച്ചയല്ല. ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. വിഷയത്തിൽ എന്താണ് തീരുമാനമെന്ന് ഉടൻ അറിയിക്കും. ഞാൻ പരിശീലകനായതിനു ശേഷം, മുൻപ് പറഞ്ഞതു പോലെ ഒരു ലോകകപ്പിലേക്ക് പോകുമ്പോൾ അവിടെ ഏറ്റവും മികച്ച കളിക്കാരെ വേണമെന്നാണ് ഞാൻ വിചാരിക്കുന്നത്. അദ്ദേഹം മികച്ച ഫോമിലാണെങ്കിൽ, നല്ല പ്രകടനം നടത്താനാവുമെന്ന് അദ്ദേഹം വിചാരിക്കുന്നെങ്കിൽ, ഞങ്ങൾക്ക് വേണ്ട സമയത്ത് അദ്ദേഹം സമയം കണ്ടെത്തുമെങ്കിൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകും. ഇത് ഈഗോ ഒന്നുമല്ല. ലോകകപ്പിലേക്ക് മികച്ച ടീമിനെ അയച്ച് കപ്പ് നേടാൻ ശ്രമിക്കണമെന്നതാണ്.”- ബൗച്ചർ പറഞ്ഞു.

നേരത്തെ, മുൻ നായകൻ ഫാഫ് ഡുപ്ലെസിസും ഡിവില്ല്യേഴ്സിൻ്റെ മടങ്ങി വരവിനെ അനുകൂലിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരക്കുള്ള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈ ടീമിൽ ഡിവില്ല്യേഴ്സ് ഉണ്ടാവുമെന്നാണ് സൂചന. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ടി-20 പരമ്പരയിൽ 1-2ന് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു.

2018 മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റിൽ അദ്ദേഹം കളിക്കുന്നുണ്ട്.

Story Highlights: AB De Villiers, South Africa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top