അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. അലൻ പഠിക്കുന്ന പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ തന്നെയാണ് പരീക്ഷാ കേന്ദ്രം. തൃശൂർ വിയൂരിലെ അതീവ സുരക്ഷ ജയിലിൽ റിമാൻഡിൻ കഴിയുന്ന അലനെ രാവിലെ ഏഴ് മണിക്ക് പ്രത്യേക വാഹനത്തിൽ കണ്ണൂരിലേക്ക് കൊണ്ടുവരും.

രണ്ടാം സെമസ്റ്റർ നിയമ പരീക്ഷ എഴുതാൻ വേണ്ടിയാണ് അലൻ ഷുഹൈബിനെ തൃശൂർ വിയൂരിലെ അതീവ സുരക്ഷാ ജയിലിൽ നിന്നും കണ്ണൂരിലെത്തിക്കുന്നത്.പ്രത്യേക വാഹനത്തിൽ ഉച്ചയോടെ അലനെപാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ പരീക്ഷാകേന്ദ്രത്തിലെത്തിക്കും. കേരള പൊലീസിനാണ് സുരക്ഷാ ചുമതല. എൻഐഎ ഉദ്യോഗസ്ഥനും ഇവർക്കൊപ്പമുണ്ടാകും. മൂന്ന് മണിക്കൂർ നീളുന്ന പരീക്ഷയ്ക്ക് ശേഷം അലനെ തിരിച്ച് വിയൂരിലെത്തിക്കും. ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റ് പരീക്ഷകൾ.

പരീക്ഷ എഴുതാൻ അനുമതി തേടി കഴിഞ്ഞ ദിവസം അലൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പരീക്ഷ എഴുതുന്നതിൽ സാങ്കേതിക തടസമുണ്ടോയെന്ന് കോടതി കണ്ണൂർ സർവകലാശാലയോട് ആരാഞ്ഞു. കോടതിയുടെ അനുമതിയുണ്ടെങ്കിൽ മറ്റ് തടസങ്ങളില്ലെന്ന് സർവകലാശാല മറുപടി നൽകുകയും ചെയ്തു. തുടർന്നാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകികൊണ്ട്  വൈസ് ചാൻസിലർ ഉത്തരവിറക്കിയത്.

Story highlight: Alan shuhaib

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top