കൊറോണ വൈറസ് ബാധ; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2246 ആയി

കൊറോണ ഭീതി ഒഴിയുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2246 ആയി. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 120 പേരെ ഒഴിവാക്കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. ഡൽഹിയിലെ ക്യാമ്പുകളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ചൈനയിൽ നിന്നും ഡൽഹിയിലെത്തിച്ച, രണ്ട് ക്യാമ്പുകളിലായി നിരീക്ഷണത്തിൽ കഴിയുന്ന 115 മലയാളികൾക്ക് നാട്ടിലേക്ക് പോകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകി. എയർ പോർട്ടിൽ നിന്നും നേരെ വീട്ടിലേക്ക് തന്നെ പോകണം. കേരളത്തിൽ തിരിച്ചെത്തിയാലും ഡൽഹിയിൽ എത്തിയ തീയതി മുതൽ, 28 ദിവസം വീടുകളിൽ ഐസോലേഷനിൽ തുടരണം. ഇവർ കേരളത്തിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്. വിവിധ ജില്ലകളിലായി 2233 പേർ വീടുകളിലും 13 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 423 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 406 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കി ഫലം ഇനിയും ലഭിക്കാനുണ്ട്.
കൊറോണ സ്ഥിരീകരിച്ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനാ ഫലങ്ങൾ കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. 120 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
Story highlight: Coronavirus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here