കരുണ സംഗീത നിശ: സംഘാടകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

കരുണ സംഗീത നിശയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ കളക്ടറും കൂടിക്കാഴ്ച്ച നടത്തിയ ശേഷം അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കരുണ സംഗീത നിശയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ പണം നല്‍കിയ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് റീജിയണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനുവരിയില്‍ അയച്ച കത്ത് പുറത്ത് വന്നിരുന്നു.

കരുണാ സംഗീത നിശയില്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുക. ജില്ലാ കളക്ടര്‍ എസ് സുഹാസ് കൈമാറിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി കളക്ടറും കമ്മീഷണറും കൂടി കാഴ്ച്ച നടത്തി. തുടര്‍ന്ന് അന്വേഷണ ചുമതല ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ സംഘടകരുടെ വാദങ്ങള്‍ക്ക് വിരുദ്ധമായ തെളിവുകളാണ് പുറത്ത് വരുന്നത്.

കരുണ സംഗീത നിശ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ പണത്തിന്റെ തെളിവുകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് റീജിയണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗായകന്‍ ഷഹബാസ് അമന് അയച്ച കത്ത് പുറത്ത് വന്നിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജനുവരി മൂന്നിന് ലഭിച്ച കത്ത് പൂര്‍ണമായും അവഗണിക്കുകയാണ് സംഘാടകര്‍ ചെയ്തത്.

Story Highlights: Karuna Music Night

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top