വനിതാ കോളജിലെ ആർത്തവ പരിശോധന; 4 പേർ അറസ്റ്റിൽ

ഗുജറാത്ത് സഹജാനന്ദ വനിതാ കോളജിലെ ആർത്തവ പരിശോധന നടത്തിയ കേസിൽ 4 പേർ അറസ്റ്റിലായി. പ്രിൻസിപ്പാൾ, റെക്ടർ ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളജിലെ ഹോസ്റ്റൽ വാസികളായ 68 വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയത്.  സ്വാമിനാരായൺ ആരാധനാ വിഭാഗം നടത്തുന്ന ക്ഷേത്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന കോളജിൽ ആർത്തകാലത്ത് പെൺകുട്ടികൾ ക്ഷേത്രപരിസരത്തും ഹോസ്റ്റൽ അടുക്കളയിലും പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ഈ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു പ്രിൻസിപ്പൽ റീത്ത റാണിംഗയുടെ നിർദേശപ്രകാരം പരിശോധന നടത്തിയതെന്ന് വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത പൊലീസ് റീത്താ റാണിംഗ, ഹോസ്റ്റർ റെക്ടർ റമീല ബെൻ, പ്യൂൺ നൈന എന്നിവർക്ക് പുറമേ കോളജുമായി നേരിട്ട് ബന്ധമില്ലാത്ത അനിത എന്ന യുവതിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മനഃപൂർവം അപമാനിക്കൽ, ഭീഷണിപെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. വിവാദമായതിനെ തുടർന്ന് ദേശീയ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു. ഭുജിലെ സ്വാമിനാരായൺ ക്ഷേത്രത്തിനു കീഴിലുള്ള സ്വാശ്രയ കോളജാണ് സഹജാനന്ദ.

Story highlight: Menstrual test, gujarath

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top