കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം; കൊന്നത് കാമുകനോടൊപ്പം ജീവിക്കാൻ എന്ന് സമ്മതിച്ച് അമ്മ

കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അമ്മ ശരണ്യ അറസ്റ്റിൽ. കുഞ്ഞിനെ കൊന്നത് കാമുകനോടൊപ്പം ജീവിക്കാനാണെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

സംഭവത്തിൽ തുടർച്ചയായി മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയായിരുന്നു. പരസ്പരം ആരോപണം ഉന്നയിക്കുകയായിരുന്നു ഇവര്‍. ഇരുവരുടെയും മൊഴികൾ തമ്മിൽ യോജിച്ചിരുന്നില്ല. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മ കുറ്റം സമ്മതിച്ചത്.

Read Also: ഒന്നര വയസുകാരന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഭർത്താവായ പ്രണവുമായി അസ്വാരസ്യത്തിലായിരുന്ന ശരണ്യ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് അയാളാണ് കൊല നടത്തിയതെന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു.

കണ്ണൂർ തയ്യിലിൽ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തലക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മാതാ- പിതാക്കളുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

എന്നാൽ, കടൽതീരത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലിൽ മാതാപിതാക്കളായ പ്രണവും ശരണ്യയും പരസ്പരം കുറ്റം ആരോപിച്ചിരുന്നു. മാത്രമല്ല, ശരണ്യയുടെ അമ്മയും സഹോദരനും പ്രണവിനെതിരായാണ് പൊലീസിൽ മൊഴി നൽകിയത്.

കണ്ണൂർ തയ്യിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടൽ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലർച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.

 

mysterious death of child

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top