നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേർ കൂടി അറസ്റ്റിൽ

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ആറുപേർ കൂടി അറസ്റ്റിൽ.  അഞ്ചു പൊലീസുകാരെയും ഒരു ഹോം ഗാർഡിനെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.

എഎസ്‌ഐമാരായ സിബി റജിമോൻ, റോയ് പി. വർഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ് നിയാസ്, സജീവ് ആന്റണി, കെഎം ജെയിംസ്, ജിതിൻ കെ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ സാബുവിനെ തിങ്കളാഴ്ച സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് അറസ്റ്റിയാലവരെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം.

കേസിൽ ഉന്നതർക്ക് ബന്ധമുണ്ടെന്ന് എസ്‌ഐ സാബു ഇന്നലെ വ്യക്തമാക്കിയിരുന്നു.  സാബുവിന്റെ മുൻകൂർ ജാമ്യം മാത്രമാണ് സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
മറ്റു പ്രതികളുടെ ജാമ്യം കൂടെ റദ്ദാക്കണമെന്ന ആവശ്യവുമായി സിബിഐ വിവിധ കോടതികളെ സമീപിക്കാനിരിക്കെയാണ്  ഈ ഉത്തരവിൽ മറ്റു പ്രതികളുടെ കാര്യവും പരാമർശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2019 ജൂൺ 12നാണു രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 15നാണു അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാൻഡ് ചെയ്ത രാജ്കുമാർ 21ന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം ന്യുമോണിയ മൂലമാണെന്ന് പറഞ്ഞിരുന്നെങ്കിലും ജുഡീഷ്യൽ കമ്മീഷന്റെ നിർദേശപ്രകാരം നടത്തിയ രണ്ടാം പോസ്റ്റുമോർട്ടത്തിൽ രാജ് കുമാറിന്റെ ശരീരത്തിൽ നിന്ന് 22 മുറിവുകൾ കണ്ടെത്തിയിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top