പിഎസ്എൽ തുടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെ പാകിസ്താനിൽ ബോംബ് സ്ഫോടനം; 8 മരണം

പാകിസ്താൻ പ്രീമിയർ ലീഗ് തുടങ്ങാൻ രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലുള്ള ക്വെറ്റയിൽ ബോംബ് സ്ഫോടനം. ഒരു റാലിയിൽ കടന്നു കൂടിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ എട്ടോളം ആളുകൾ കൊല്ലപ്പെട്ടു എന്നും 20 ഓളം ആളുകൾക്ക് പരുക്കു പറ്റിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസത്തിലെ ആദ്യത്തെ ആഴ്ചയിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് തിങ്കളാഴ്ച ശക്തമായ മറ്റൊരു സ്ഫോടനം ഉണ്ടായത്. മുസ്ലിം പള്ളിയുടെ തൊട്ടടുത്തുണ്ടായ സ്ഫോടനത്തിൽ പള്ളി ഇമാമും ഒരു പൊലീസുകാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

“ഒരു ബൈക്കിലാണ് ചാവേർ വന്നത്. അയാളെ പൊലീസ് തടഞ്ഞു നിർത്തി. പക്ഷേ, അയാൾ മുന്നോട്ടു പപോകാൻ ശ്രമിച്ചു. പൊലീസുകാരും അയാളുമായി പിടിവലിയായി. പിന്നെ കാണുന്നത് പൊട്ടിത്തെറിയാണ്. അയാളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെയും പിന്നെ ആളുകളെയും അത് കൊന്നു”- പൊലീസ് പറഞ്ഞു.

പാകിസ്താൻ പ്രീമിയർ ലീഗ് ഈ മാസം 20നാണ് തുടങ്ങുക. പിഎസ്എൽ ക്ലബായ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിൻ്റെ ഹോം ഗ്രൗണ്ടാണ് ക്വെറ്റ. പിഎസ്എലിൽ വിദേശ താരങ്ങൾ കൂടി പങ്കെടുക്കേണ്ടതുണ്ടതു കൊണ്ട് തന്നെ അവരുടെ പങ്കാളിത്തത്തെ ഈ സ്ഫോടനം പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പല വിദേശ താരങ്ങളും സുരക്ഷ മുൻനിർത്തി പിഎസ്എൽ കളിക്കാൻ പാകിസ്താനിലേക്ക് പോയിരുന്നില്ല. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ താരങ്ങൾ പിഎസ്എൽ ബഹിഷ്കരിച്ചേക്കും. ഇതുവരെ 36 വിദേശ താരങ്ങൾ പാകിസ്താൻ പ്രീമിയർ ലീഗിനായി എത്തിയിട്ടുണ്ട്. പാകിസ്താനിൽ രാജ്യാന്തര മത്സരങ്ങൾ തിരികെ കൊണ്ടുവരാൻ ക്രിക്കറ്റ് ബോർഡ് ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. ഇത് ക്രിക്കറ്റ് ബോർഡിനും ഭരണകൂടത്തിനും കടുത്ത തിരിച്ചടിയാകും.

അടുത്തിടെ കടുത്ത സുരക്ഷയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പാകിസ്താൻ സന്ദർശിച്ചിരുന്നു.

Story Highlights: Pakistan Premier League, PSL, Bomb Blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top