Advertisement

എടുത്തത് വെറും 107 റൺസ്; എന്നിട്ടും ജയം കുറിച്ച് ഇന്ത്യൻ വനിതകൾ

February 18, 2020
Google News 2 minutes Read

വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായി വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ആവേശ ജയം. രണ്ട് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് ഏടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസിന് 105 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഇരു ടീമുകൾക്കും ബാറ്റർമാരുടെ മോശം പ്രകടനമാണ് തിരിച്ചടി ആയത്.

ഇന്ത്യക്കായി എട്ടാം സ്ഥാനത്തിറങ്ങിയ ശിഖ പാണ്ഡെയാണ് ടോപ്പ് സ്കോറർ ആയത്. 16 പന്തുകളിൽ 3 ബൗണ്ടറികളും ഒരു സിക്സറും സഹിതം 24 റൺസെടുത്ത പാണ്ഡെയുടെ ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ നില അതി ദയനീയമാകുമായിരുന്നു. ആകെ 6 താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും പാണ്ഡെ ഒഴികെ ആർക്കും മികച്ച പ്രകടനം നടത്താനായില്ല. ദീപ്തി ശർമ്മ (21), പൂജ വസ്ട്രാക്കർ (13), ഷഫാലി വർമ്മ (12), ഹർമൻപ്രീത് കൗർ (11), താനിയ ഭാട്ടിയ (10) എന്നിവരൊക്കെ ഇരട്ടയക്കം കടന്നു. സ്മൃതി മന്ദന (4), ജമീമ റോഡ്രിഗസ് (0), വേദ കൃഷ്ണമൂർത്തി (5) എന്നിവർ വേഗം പുറത്തായി.

മറുപടി ബാറ്റിംഗിൽ 42 റൺസെടുത്ത ലീ-ആൻ കിർബിയാണ് വെസ്റ്റ് ഇൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഹെയ്ലി മാത്യൂസ് 25 റൺസെടുത്തു. 10 പന്തുകളിൽ 17 റൺസെടുത്ത ഷിനേൽ ഹെൻറി ഇന്ത്യയെ വിറപ്പിച്ചെങ്കിലും അവസാന ഓവറിൽ പുറത്താവുകയായിരുന്നു. ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്‌ലറും (16) വിൻഡീസിനായി മികച്ച പ്രകടനം നടത്തി. 3 വിക്കറ്റെടുത്ത പൂനം യാദവാണ് വിൻഡീസിനെ തകർത്തത്.

ഈ മാസം 21നാണ് വനിതാ ടി-20 ലോകകപ്പ് ആരംഭിക്കുക. ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ആതിഥേയരെ നേരിടും. സിഡ്നി ഒളിമ്പിക് പാർക്കിലാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം.

Story Highlights: India women won against west indies women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here