കുടിയേറ്റ നിയമം കര്‍ശനമാക്കി ബ്രിട്ടന്‍ ; ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരമൊരുങ്ങുമെന്ന് വിലയിരുത്തല്‍

ബ്രെക്‌സിറ്റിന് പിന്നാലെ കുടിയേറ്റ നിയമം കര്‍ശനമാക്കി ബ്രിട്ടന്‍. ഇംഗ്ലീഷ് അറിയാത്ത അവിദഗ്ധരായ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്ന പുതിയ നിയമം ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പുറത്ത്‌വിട്ടു. പുതിയ നയം ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. എന്നാല്‍, പുതിയ നയം ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ കൂടുതല്‍ അവസരമൊരുക്കുമെന്നാണ് വിലയിരുത്തല്‍.
പുതിയ കുടിയേറ്റ നിയമം ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള പോയിന്റ് അധിഷ്ഠിതമായിരിക്കും. ഇത് പ്രകാരം മറ്റ് രാജ്യങ്ങളില്‍നിന്നുള്ള അവിദഗ്ധ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. കൂടാതെ ഇംഗ്ലീഷ് അറിയാത്തവരെയും പ്രവേശിപ്പിക്കില്ല. വ്യക്തമായ ജോലി വാഗ്ദാനം രേഖാമൂലം ഉള്ളവര്‍ക്ക് മാത്രമേ ബ്രിട്ടനില്‍ പ്രവേശനം ലഭിക്കു. ചുരുങ്ങിയത് 25,600 പൗണ്ട് സ്റ്റെര്‍ലിംഗ് അഥവാ 24 ലക്ഷത്തോളം രൂപ ശമ്പള വാഗ്ദാനം ഉണ്ടായിരിക്കണം.
ഇംഗ്ലീഷിലുള്ള പ്രാവിണ്യത്തിന് 10 പോയിന്റ്, തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റ്, പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവര്‍ക്ക് 10, സയന്‍സ്, ടെക്‌നോളജി, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ് എന്നിവയില്‍ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവര്‍ക്ക് 20 പോയിന്റ് എന്നിങ്ങനെയാണ് പോയിന്റുകള്‍ നിശ്ചിയിച്ചിരിക്കുന്നത്. അടുത്ത ജനുവരി മുതലാണ് പുതിയ നിയമം നടപ്പിലാക്കുക. എന്നാല്‍ പുതിയ നിയമത്തിനെതിരെ കടുത്ത എതിര്‍പ്പുമായി രാജ്യത്തെ വ്യവസായ സമൂഹവും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വേതനത്തിന് ജോലി നോക്കുന്ന തൊഴിലാളികളെ ആശ്രയിക്കുന്ന വ്യവസായങ്ങളെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവരുടെ ആരോപണം.
Story Highlights- UK to tighten immigration law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here