Advertisement

പുതുതായി എത്തുന്നത് രണ്ട് ഗോൾ കീപ്പർമാർ: ബ്ലാസ്റ്റേഴ്സ് രഹനേഷിനെ ഒഴിവാക്കുന്നു

February 21, 2020
Google News 1 minute Read

അടുത്ത സീസണിലേക്കായി രണ്ട് ഗോൾ കീപ്പർമാരെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമിൻ്റെ റിപ്പോർട്ട് പ്രകാരം ആൽബീനോ ഗോമസും പ്രബ്ഷുകൻ ഗില്ലുമാണ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കുക. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ വല കാത്ത മലയാളി താരം ടിപി രഹനേഷ് ക്ലബ് വിടുമെന്നും റിപ്പോർട്ടുണ്ട്.

ഒഡീഷ എഫ്സിയിൽ നിന്നാണ് ആൽബീനോ ഗോമസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഐ-ലീഗിൽ ഐസ്വാൾ എഫ്സിയെ ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോമസ് കുറേ കാലമായി പരുക്കേറ്റ് പുറത്തായിരുന്നു. മുംബൈ സിറ്റി എഫ്സിയിലും ഗോമസ് കളിച്ചിട്ടുണ്ട്. യുവതാരമായ ഗിൽ ബെംഗളൂരു എഫ്സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ബംഗളൂരു എഫ്സിയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്. രണ്ട് വർഷത്തെ കരാറിലാണ് യുവതാരം ബ്ലാസ്റ്റേഴ്സിൽ എത്തുക. നേരത്തെ ഇന്ത്യൻ ആരോസിൻ്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്നു ഗിൽ.

ഈ സീസണിൽ രഹനേഷിൻ്റെ പ്രകടനം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. പലപ്പോഴും രഹനേഷിൻ്റെ പിഴവു കൊണ്ട് ഗോൾ വഴങ്ങേണ്ട അവസ്ഥയും ബ്ലാസ്റ്റേഴ്സിന് ഉണ്ടായി. ഇതോടെയാണ് താരത്തെ ഒഴിവാക്കാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാനുള്ള കഴിവ് രഹനേഷിനില്ലെന്ന് ഈയിടെ പരിശീലകൻ ഈൽകോ ഷറ്റോരി തന്നെ പറഞ്ഞിരുന്നു. ഇതോടെ രഹനേഷിനു സ്ഥാനം നഷ്ടമാവുമെന്ന സൂചന ഉണ്ടായിരുന്നു. അവസാന മത്സരങ്ങളിൽ രഹനേഷിനു പകരം ബിലാൽ ഖാനെയും ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറായി പരീക്ഷിച്ചിരുന്നു.

27കാരനായ രഹനേഷ് നോർത്ത് ഈസ്റ്റിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. വിവാ കേരളയിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവന്ന രഹനേഷ് ഈസ്റ്റ് ബംഗാൾ, ഷില്ലൊങ് ലജോങ്, ഒഎൻജിസി എന്നീ ക്ലബുകളിലും കളിച്ചിട്ടുണ്ട്.

Story Highlights: 2 goal keepers to kerala blasters tp rehenesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here