അവിനാശി ബസ് അപകടം; ട്രക്ക് ഡ്രൈവറെ റിമാൻഡ് ചെയ്തു

അവിനാശിയിൽ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറിയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർ ഹേമരാജിനെ റിമാൻഡ് ചെയ്തു. കോയമ്പത്തൂർ സെൻട്രൽ ജയിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുപ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കോടതിയിൽ വൈകിട്ടോടെയാണ് ട്രക്ക് ഡ്രൈവർ ഒറ്റപ്പാലം സ്വദേശിയായ ഹേമരാജിനെ ഹാജരാക്കിയത്. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ്. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Read Also: അവിനാശി അപകടം; ലോറിയുടെ ടയർ പൊട്ടിയതല്ല അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പ്
അതേ സമയം മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ അവിനാശി അപകടത്തിന്റെ കാരണം കണ്ടെയ്‌നർ ലോറിയുടെ ടയർ പൊട്ടിയതല്ലെന്നാണ് പറയുന്നത്. അശ്രദ്ധമായി അമിത വേഗത്തിൽ വാഹനമോടിച്ചതാണ് 19 പേരുടെ ജീവനെടുത്തതെന്നാണ് തമിഴ്‌നാട് പൊലീസ് കോടതിയിൽ എടുത്ത നിലപാട്.
ഇതോടെ അമിത വേഗതയോ, ഡ്രൈവർ ഉറങ്ങിപ്പോയോ തന്നെയാണ് അപകടത്തിന്റെ കാരണമെന്ന് ഉറപ്പിക്കുകയാണ് സംഭവം അന്വേഷിക്കുന്ന കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് സംഘം. അന്വേഷണ റിപ്പോർട്ട് നാളെ തന്നെ മന്ത്രിക്ക് കൈമാറും. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷ നിയമങ്ങൾ സർക്കാർ കർക്കശമാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പിലും വികെ ശ്രീകണ്ഠൻ എം പിയും മുന്നോട്ട് വന്നിട്ടുണ്ട്. അപകടം വരുത്തിയ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. മരിച്ച മൂന്ന് പാലക്കാട് സ്വദേശികളുടേയും മൃതദേഹം ഇന്ന് സംസ്‌കരിച്ചു.
19 പേരാണ് അപകടത്തിൽ മരിച്ചത്. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ജിസ്‌മോൻ ഷാജു, ഐശ്വര്യ, ഗോപിക, മാനസി മണികണ്ഠൻ, എം സി മാത്യു, ശിവശങ്കർ എന്നിവരാണ് മരിച്ചവരിൽ എറണാകുളം സ്വദേശികൾ. ഇഗ്‌നി റാഫേൽ, കിരൺ കുമാർ, ഹനീഷ്, നസീഫ് മുഹമ്മദ്, അനു കെ വി, ജോഫി പോൾ, യേശുദാസ് കെഡി എന്നിവരാണ് മരിച്ചവരിൽ തൃശൂർ സ്വദേശികൾ. ശിവകുമാർ, രാകേഷ്, റോഷന ജോൺ എന്നിവരും പയ്യന്നൂരിൽ നിന്നുള്ള സനൂപും മരിച്ചവരിൽ പെടുന്നു. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. പാലക്കാട്, തൃശൂർ, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിൽ ഏറെയും.
ksrtc bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here