ഏഷ്യൻ ഇലവനിൽ കളിക്കുക കോലി ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ; മത്സരങ്ങൾ ബംഗ്ലാദേശിൽ

അടുത്ത മാസം ബംഗ്ലാദേശിൽ നടക്കുന്ന ഏഷ്യൻ ഇലവൻ-ലോക ഇലവൻ ടി-20 പരമ്പരയിൽ ഏഷ്യൻ ഇലവനു വേണ്ടി നാല് ഇന്ത്യൻ താരങ്ങൾ കളിക്കുമെന്ന് ബിസിസിഐ. നായകൻ വിരാട് കോലി, മൊഹമ്മദ് ഷമി, ശിഖർ ധവാൻ, കുൽദീപ് യാദവ് എന്നിവരാണ് പരമ്പരയിൽ കളിക്കുക. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ബംഗ്ലാദേശ് രാഷ്ട്രപിതാവ് സെയിഖ് മുജീബു റഹ്മാൻ്റെ നൂറാം ജന്മദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരമ്പരയിൽ ഏഷ്യൻ ഇലവനു വേണ്ടിയാണ് ഈ താരങ്ങൾ പാഡണിയുക. ലോക ഇലവനെതിരെ നടക്കുന്ന ടി-20 പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് ഉള്ളത്. അടുത്ത മാസം 18, 21 തീയതികളിൽ ധാക്കയിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ഐസിസിയുടെ ടി-20 അംഗീകാരവും ഈ പരമ്പരയ്ക്ക് ലഭിച്ചിട്ടുണ്ട്.

എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ എന്നീ അഞ്ചു താരങ്ങളെ പരമ്പരയിൽ കളിക്കാൻ അനുവദിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ ബിസിസിഐ നാലു താരങ്ങളെ നൽകാമെന്ന് അറിയിക്കുകയായിരുന്നു.

ഇന്ത്യൻ താരങ്ങൾക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ഏഷ്യൻ ഇലവനിൽ അണിനിരക്കും. എന്നാൽ പാകിസ്താൻ സൂപ്പർ ലീഗ് നടക്കുന്നതിനാൽ പാക് താരങ്ങൾ ഈ മത്സരങ്ങളിൽ കളിക്കില്ല.

Story Highlights: 4 indian players will play for asia xi t20നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More