പൊതുപ്രവർത്തകരെ അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് തന്റെ വീട്ടിൽ നടത്തിയ റെയ്ഡ്; വിഎസ് ശിവകുമാർ

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ വസതിയിൽ വിജിലൻസ് നടത്തിയ പരിശോധന 17 മണിക്കൂർ നീണ്ടു. ശാസ്തമംഗലത്തെ വസതിയിൽ ഇന്നലെ രാവിലെ 8 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 1 മണിയോടെയാണ് അവസാനിച്ചത്. നിർണായകമായ രേഖകൾ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ബിനാമി ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് രേഖകൾ ശേഖരിച്ചത്. ഇവ വിശദമായി പരിശോധിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് വിജിലൻസ് വ്യക്തമാക്കി. കേസിൽ ശിവകുമാറിനോടൊപ്പം പ്രതി ചേർത്തവരുടെ വീടുകളിലും റെയ്ഡ് നടന്നു.
പൊതുപ്രവർത്തനം നടത്തുന്നവരെ അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് തന്റെ വീട്ടിൽ നടത്തിയ പരിശോധനയെന്ന് വിഎസ് ശിവകുമാർ പ്രതികരിച്ചു. റെയ്ഡ് അനുഗ്രഹമായെന്നും രാഷ്ട്രീയമായി എതിർപ്പുള്ളവരെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും വിഎസ് ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിജിലൻസിന് തന്റെ നിരപരാധിത്വം വ്യക്തമായെന്നും ശിവകുമാർ പറഞ്ഞു.
എന്നാൽ, ഈ സർക്കാറിന്റെ കാലത്ത് തിരുവനന്തപുരത്തിന് ഒന്നും കിട്ടിയില്ലെന്ന് പറയുന്നത് സത്യമാണ്. തിരുവനന്തപുരത്തിന് നേട്ടമുണ്ടായത് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് താൻ മന്ത്രിയായിരുന്നപ്പോഴാണെന്നും ശിവകുമാർ പറഞ്ഞു. താൻ ഡ്രൈവറുടെ പേരിൽ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈവറുടെ വീട്ടിൽ പോയി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞത് ഇതിലും ഭേദം കാലിത്തൊഴുത്തിൽ പോയി അന്വേഷണം നടത്തുകയായിരുന്നുവെന്നായിരുന്നെന്നും ശിവകുമാർ പറഞ്ഞു.
Story highlight: VS sivakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here