അപകടങ്ങളൊഴിവാക്കാം; വാഹനത്തിന്റെ ടയറുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാഹനങ്ങളുടെ ടയറുകളെക്കുറിച്ച് എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പല അപകടങ്ങള്‍ക്കും ടയറുകളുടെ മോശം അവസ്ഥ കാരണമാകും. വാഹനത്തിന്റെ ടയറുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ടയറിലെ കാറ്റ്

വാഹനത്തിന്റെ സുരക്ഷയും പെര്‍ഫോമന്‍സും ഇന്ധനക്ഷമതയുമെല്ലാം വാഹനത്തിന്റെ ടയറിലെ കാറ്റുമായി ഒരു പരിധിവരെ ബന്ധപ്പെട്ടിരിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും വാഹനത്തിന്റെ ടയറിലെ കാറ്റ് (എയര്‍) പരിശോധിക്കണം. ടയര്‍ തണുത്തിരിക്കുമ്പോഴാണ് കാറ്റ് പരിശോധിക്കേണ്ടത്. ( രാവിലെ എയര്‍ ചെക്ക് ചെയ്യുക). എങ്കില്‍ മാത്രമേ ടയറില്‍ കൃത്യമായ കാറ്റ് ഉണ്ടോ എന്ന് മനസിലാക്കാനാകൂ.

അളവില്‍ കൂടുതല്‍ കാറ്റ് അടിച്ച് കയറ്റരുത്

ഓരോ വാഹനത്തിന്റെയും ടയറില്‍ എത്രത്തോളം കാറ്റ് (എയര്‍) ആവശ്യമാണെന്ന് വാഹനത്തിന്റെ ഓണേഴ്‌സ് മാനുവലില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മാനുവലിലെ നിബന്ധനകള്‍ കൃത്യമായി പാലിച്ചേ കാറ്റ് നിറയ്ക്കാവൂ. ടയറുകളുടെ സുരക്ഷയ്ക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കുന്നതിനും ഇത് അനിവാര്യമാണ്.

ടയറില്‍ കാറ്റ് കുറയുന്നതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. കാറ്റ് കുറവുള്ള ടയര്‍ ഉപയോഗിക്കുന്നത് ടയറിന്റെ ഡ്യൂറബിലിറ്റിയെയും ബാധിക്കും. ടയറിന്റെ വശങ്ങളില്‍ ചെറിയ കീറലുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. ടയറില്‍ കാറ്റ് അധികമാകുമ്പോള്‍ വാഹനത്തിന് വിറയല്‍ ഉണ്ടാകുന്നതിനും ചാട്ടം കൂടുന്നതിനും സാധ്യതയുണ്ട്.

ടയര്‍ അനാവശ്യമായി കറക്കരുത്

ചെളിയിലോ, ഐസിലോ, കുഴിയിലോ മറ്റോ ടയര്‍ കുടുങ്ങിയാല്‍ ആക്‌സിലറേറ്റ് ചെയ്ത് ടയര്‍ കൂടുതല്‍ കറങ്ങുന്നതിന് ഇടവരുത്തരുത്. ഇത് ടയര്‍ അമിതമായി ചൂടാകുന്നതിന് കാരണമാകും. ടയര്‍ കൂടുതല്‍ കറക്കുന്നതിന് പകരമായി വാഹനം അല്‍പം പിന്നിലേക്കും മുന്നിലേക്കും എടുത്തശേഷം വീണ്ടും ശ്രമിക്കണം.

ടയറുകള്‍ കൃത്യസമയത്ത് മാറുക

വാഹനത്തിന്റെ ടയറുകള്‍ പരമാവധി ( മൊട്ടയാകുന്നത് വരെ ) ഉപയോഗിക്കുന്ന രീതി ഒഴിവാക്കണം. ടയര്‍ ഉപയോഗിക്കാവുന്നത് 1.6 എംഎം വരെയാണ്. ഈ ഘട്ടം എത്തുമ്പോഴേയ്ക്കും ടയര്‍ മാറ്റുന്നതാണ് ഉചിതം. ടയറുകള്‍ ഏത് ഘട്ടം വരെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ടയര്‍ നിര്‍മാതാക്കള്‍ തന്നെ നല്‍കുന്നുണ്ട്. ടയറുകള്‍ മൊട്ടയാകുന്നതിന് മുന്‍പ് മാറണം. ഇല്ലെങ്കില്‍ നനഞ്ഞതോ, ചെളി നിറഞ്ഞതോ ആയ റോഡിലും മറ്റും തെന്നി അപകടം ഉണ്ടാകുന്നതിന് ഇടയാകും. ഇത്തരം ടയറുകള്‍ പഞ്ചറാകുന്നതിനും സാധ്യത ഏറെയാണ്.

മാസത്തിലൊരിക്കല്‍ ടയറുകള്‍ പരിശോധിക്കുക

മാസത്തിലൊരിക്കലെങ്കിലും ടയറുകള്‍ പരിശോധിക്കണം. ചെറിയ വിള്ളലുകള്‍, മുഴകള്‍ എന്നിവ ടയറിലുണ്ടോ എന്ന് മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം. ടയറില്‍ എന്തെങ്കിലും മുഴകളോ വിള്ളലുകളോ കാണുന്നുണ്ടെങ്കില്‍ സര്‍വീസ് സെന്ററിലോ ടയര്‍ ഡീലേഴ്‌സിനോടോ ചോദിച്ച് എത്ര നാള്‍ കൂടി ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഉറപ്പ് വരുത്തണം.

Story Highlights: Auto, Tyres

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top