പിഎസ്‌സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പിടിയിൽ

പിഎസ്‌സി കോച്ചിംഗ് സെന്ററുകളിൽ വിജിലൻസിന്റെ മിന്നല്‍ പരിശോധന. തിരുവനന്തപുരത്തെ പിഎസ്‌സി കോച്ചിംഗ് സെന്ററുകളിലാണ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്‌സി കേന്ദ്രങ്ങളിലായിരുന്നു പരിശോധന. തിരുവനന്തപുരത്തെ പ്രധാന പരിശീലന കേന്ദ്രങ്ങളെല്ലാം തന്നെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിശോധന പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ആവശ്യപ്രകാരമാണ്.

അതേ സമയം,പിഎസ് സി ചെയർമാൻ എംകെ സക്കീർ മാധ്യമങ്ങളെ കണ്ടു. പിഎസ്‌സി പരീക്ഷകളെ ഇത് ബാധിക്കില്ലെന്നും ഉദ്യോഗാർത്ഥികളുടെ മൊഴി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിയുണ്ടാകുമെന്ന് പിഎസ്‌സി ചെയർമാൻ അറിയിച്ചു.

മിന്നൽ പരിശോധനയുണ്ടായത് ലക്ഷ്യ, വീറ്റോ എന്നീ പരിശീലന കേന്ദ്രങ്ങളിലാണ്. വീറ്റോ പരിശീലന കേന്ദ്രത്തിൽ ക്ലാസ് എടുത്തിരുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം പിടികൂടി. സെക്രട്ടേറിയറ്റിലെ ഷിബു എന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുള്ളതാണ് ലക്ഷ്യ എന്ന പഠനകേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങൾ വകുപ്പ് മേധാവികൾക്ക് കൈമാറും.

നേരത്തെ തന്നെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം കോച്ചിംഗ് സെന്ററുകളെക്കുറിച്ച് പരാതി ഉയർന്നിരുന്നു. പിഎസ്‌സി പരീക്ഷകളിലെ ചോദ്യക്കടലാസ് സെക്ഷനുകളിൽ ഇവർക്ക് സ്വാധീനമുണ്ടെന്ന ആരോപണം ശക്തമായപ്പോൾ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പൊതുഭരണ വകുപ്പും പിഎസ് സിയും അന്വേഷണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. ആരോപണ വിധേയരായ രണ്ട് പേർ ദീർഘകാല അവധിയെടുത്താണ് കോച്ചിംഗ് സെന്റർ നടത്തുന്നത്. വേറെ ആളുടെ പേരിലാണ് സ്ഥാപനങ്ങളുടെ രജിസ്റ്റട്രേഷന്‍. മൂന്ന് ഉദ്യോഗസ്ഥരുടെ പേരിലാണ് ആരോപണമുള്ളത്.

 

psc coaching centres, vigilance raid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top