ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണ യുവതിക്ക് രക്ഷകനായി എസ്‌ഐ

ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണ യുവതിക്ക് ഒടുവിൽ ഫോൺ തന്നെ രക്ഷയായി. കിണറ്റിൽ നിന്നും യുവതി ബന്ധുക്കളെ വിളിച്ച് അറിയിച്ചതോടെയാണ് അപകടം പുറത്തറിഞ്ഞത്. തിരൂർ എസ്‌ഐ ജലീൽ കറുത്തേടത്തും സഹപ്രവർത്തകരും ചേർന്നാണ് യുവതിയെ സാഹസികമായി രക്ഷിച്ചത്.

പ്രസിദ്ധമായ വൈരങ്കോട് ക്ഷേത്രോത്സവം കാണുവാൻ എത്തിയ യുവതിയാണ് കിണറ്റിൽ വീണത്. ഉത്സവം കാണുന്നതിനിടെ ഫോൺ വന്നപ്പോൾ തിരക്കിൽ നിന്നും മാറി നിന്ന് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വൈരങ്കോട് കുത്തുകല്ലിൽ രാത്രി ഒമ്പതരയോടെയാണ് സംഭവം. എടക്കുളം സ്വദേശിനിയായ യുവതി ഫോൺ സംസാരത്തിനിടെ ആൾമറയില്ലാത്ത കിണറ്റില്ലേക്ക് കാൽ തെന്നി വീഴുകയായിരുന്നു. ഭാഗ്യത്തിന് അപ്പോഴും മൊബൈൽ ഫോൺ കൈ വിടാതിരുന്നത് തുണയായി. ഒടുവിൽ ഇതേ ഫോണിൽ നിന്ന് തന്നെ ബന്ധുക്കളെ വിളിച്ച് കിണറ്റിൽ വീണ് കിടക്കുന്ന വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് തിരൂർ ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രന്റെയും തിരൂർ എസ്‌ഐ ജലീൽ കറുത്തേടത്തിന്റെയും നേതൃത്വത്തിലാണ് യുവതിയെ കരക്കെത്തിച്ചത്. എസ്ഐ തന്നെ അതിസാഹസികമായി കിണറ്റിലറങ്ങി യുവതിയെ രക്ഷിക്കുകയായിരുന്നു.

നിസാര പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴമുള്ള കിണറാണെങ്കിലും, അടിയിൽ വെള്ളമുണ്ടായിരുന്നതാണ് കൂടുതൽ പരുക്കേൽക്കാതെ യുവതി രക്ഷപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top