തൃശൂരിലെ കാട്ടു തീ; മരിച്ച വനപാലകരുടെ കുംടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

തൃശൂർ കൊറ്റമ്പത്തൂർ വനമേഖലയിൽ ഉണ്ടായ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടയിൽ മരണമടഞ്ഞ വനപാലകരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വനം വകുപ്പ് മന്ത്രി കെ. രാജു കൈമാറി. സർക്കാർ സഹായമായ ഏഴര ലക്ഷം രൂപയും വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ നൽകിയ ഒരു ലക്ഷയും രൂപയുമാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി നൽകിയത്. അടിയന്തര ധനസഹായമായി നൽകിയ 50,000 രൂപയ്ക്കു പുറമെയാണ് ധനസഹായം.

വനം ട്രൈബൽ വാച്ചർ ദിവാകരൻ, താത്കാലിക ജീവനക്കാരായ ശങ്കരൻ, വേലായുധൻ എന്നിവരാണ് കൊറ്റമ്പത്തൂർ ഇല്ലിക്കാട് വനമേഖലയിലുണ്ടായ കാട്ടുതീയിൽപെട്ട് മരിച്ചത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്റ്റേറ്റിൽ പടർന്ന കാട്ടു തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം.

വാളയാർ വനപരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിലായിരുന്നു ദിവാകരന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറിയത്. ഇദ്ദേഹത്തിന്റെ അവകാശിക്കുള്ള ആശ്രിത നിയമനം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കുമെന്നും വനം വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. മറ്റു രണ്ടു പേരുടെയും വീടുകളിൽ നേരിട്ടെത്തിയാണ് മന്ത്രി കുടുംബാംഗങ്ങൾക്ക് ധനസഹായം കൈമാറിയത്. ഇവരുടെ അവകാശികൾക്ക് ആശ്രിത നിയമനം നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top