സെഞ്ചുറി ഇല്ലാതെ 20 ഇന്നിംഗ്സുകൾ; വിരാട് കോലിക്ക് പറ്റിയത്

വർത്തമാനകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. വിരാട് കോലി. ബാബർ അസം, സ്റ്റീവ് സ്മിത്ത്, കെയിൻ വില്ല്യംസൺ എന്നിവരൊക്കെ ഈ സ്ഥാനത്തിനു മത്സരിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കുന്ന (കളിച്ചു കൊണ്ടിരുന്ന) താരം കോലിയാണ്. കോലിയുടെ ഫോം അളക്കാനുള്ള മാനദണ്ഡം സെഞ്ചുറിയായിരുന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഒരു സെഞ്ചുറി പോലും ഇല്ലെങ്കിൽ കോലി ഫോം ഔട്ടാണ്. അർദ്ധസെഞ്ചുറികൾ പോലും കോലിയുടെ ഫോമിനെ ന്യായീകരിക്കില്ല. അതു കൊണ്ടൊക്കെ തന്നെയാണ് കോലിയുടെ ഫോം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതും.
20 ഇന്നിംഗ്സുകളായി കോലി ഒരു സെഞ്ചുറി നേടിയിട്ട്. ഇതിൽ ന്യൂസിലൻഡിനെതിരെ നടന്ന ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ആകെ 9 മത്സരങ്ങൾ കളിച്ചു. ഇതിൽ കോലി നേടിയത് ഒരൊറ്റ അർദ്ധസെഞ്ചുറിയാണ്. അഞ്ച് ടി-20 കൾ മാറ്റി വെക്കുക. ശേഷിക്കുന്ന നാല് മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധസെഞ്ചുറി എന്നത് പോലും ആശങ്കയുണ്ടാക്കുന്ന കണക്കാണ്. ടെസ്റ്റിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും കോലി പരാജയപ്പെട്ടു. അതിനു മുൻപ്, ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ രണ്ട് അർദ്ധസെഞ്ചുറികൾ ഉണ്ടായിരുന്നു.
കരിയറിൻ്റെ തുടക്കത്തിൽ കോലി ഒരു ഫ്ലോലസ് ബാറ്റ്സ്മാൻ ആയിരുന്നില്ല. എലഗൻ്റ്, ക്ലാസി ബാറ്റ്സ്മാൻ എന്നൊക്കെ പറയാൻ സാധിക്കുമായിരുന്നു എങ്കിലും അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. കാലാകാലങ്ങളിൽ സ്വയം അത് മനസ്സിലാക്കി, പരിഹരിച്ചാണ് കോലി ഇന്ന് കാണുന്ന ബാറ്റ്സ്മാൻ ആയത്. അന്നുണ്ടായിരുന്ന ഒരുപാട് പിഴവുകൾ പരിഹരിച്ചെങ്കിലും ഒരെണ്ണം മാത്രം ബാക്കി നിൽക്കുകയാണ്. അൺസെർട്ടൻ കോറിഡോറിൽ വരുന്ന ഗുഡ് ലെംഗ്ത് പന്തുകളിൽ ബാറ്റ് വെച്ച് സ്ലിപ്പ്/കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുന്ന കോലി അന്നും ഇന്നും മാറാതെ നിൽക്കുന്നു. അത്തരം പന്തുകൾ ശ്രദ്ധയോടെ കളിക്കുന്ന കോലിയെ കണ്ടിട്ടുള്ളത് തന്നെയാണ്. പക്ഷേ, തുടർച്ചയായ കുറഞ്ഞ സ്കോറുകളുടെ പ്രഷറിലാണ് അദ്ദേഹം ന്യൂസിലൻഡിലേക്ക് വരുന്നത്. ആ പ്രഷർ തീർച്ചയായും കോലിയെ സ്വാധീനിച്ചിട്ടുണ്ടാവണം. ആ പ്രഷറിൽ ബാലപാഠം മറന്നതാണ് അദ്ദേഹത്തിൻ്റെ പരാജയങ്ങൾക്ക് കാരണം. ഒപ്പം, കോലിക്ക് വേണ്ടി കൃത്യമായ ഗൃഹപാഠം ചെയ്ത കിവീസും അതിൽ നിർണായക പങ്കു വഹിച്ചു. ക്വിക്ക് സിംഗിൾസ്, ഡബിളാവുന്ന സിംഗിളുകൾ എന്നിങ്ങനെ ഒരു ബിസി ക്രിക്കറ്ററായ കോലിക്ക് ഫ്രീയായി സ്കോർ ചെയ്യാനുള്ള ഇട നൽകാതെ കിവീസ് ബൗളർമാർ ടൈറ്റായി പന്തെറിഞ്ഞപ്പോൾ അസ്വസ്ഥനായ അദ്ദേഹം പിഴവുകൾ വരുത്തി.
പക്ഷേ, ഇത് കോലിയാണ്. ‘ഫോം ഈസ് ടെമ്പററി, ക്ലാസ് ഈസ് പെർമനൻ്റ്’ എന്നതാണ് കാര്യം. അദ്ദേഹം തിരികെ വരും. ഏതൊരു കായികതാരത്തിനും അഭിമുഖീകരിക്കേണ്ടി വരുന്ന ഫോം ഔട്ട് എന്ന ഫേസിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. പതറാതെ, ക്ഷമയോടെ ഒരൊറ്റ വലിയ ഇന്നിംഗ്സ് മാത്രമേ കോലിക്ക് വേണ്ടൂ. അത് കണ്ടെത്താൻ കഴിയുമ്പോൾ കോലി വീണ്ടും പഴയ കോലിയാകും.
Story Highlights: Century less 20 innings of virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here