Advertisement

മനുഷ്യന്റെ ‘പറക്കൽ’ സ്വപ്‌നത്തിന് ചിറക് തന്നത് ഈ മലയാളി ‘തല’

February 24, 2020
Google News 2 minutes Read

മുഹമ്മദ് റാഷിദ്/ ബിന്ദിയ മുഹമ്മദ്

‘മനുഷ്യന് ഒരു ചുവട്, മനുഷ്യരാശിക്ക് ഒരു കുതിപ്പ്’-ചന്ദ്രനിൽ കാല് കുത്തിയ നീൽ ആംസ്‌ട്രോംഗ് പറഞ്ഞ വാക്കുകളാണ് ഇത്. ഇത്തരത്തിൽ മനുഷ്യ രാശിയുടെ ഗതി തന്നെ മാറ്റി മറിക്കുന്ന ഒരു കണ്ടുപിടുത്തത്തിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത്. വാഹന സൗകര്യമോ പാരച്യൂട്ടോ ഇല്ലാതെ ഇനി മനുഷ്യന് പറക്കാം…! ദുബായ് അസ്ഥാനമായി പ്രവർത്തിക്കുന്ന ജെറ്റ്മാൻ എന്ന കമ്പനിയാണ് ഈ പദ്ധതിക്ക് പിന്നിൽ. പദ്ധതിയിൽ പ്രവർത്തിച്ചവരിൽ നമുക്ക് അഭിമാനമായി ഒരു മലയാളിയും ഉണ്ട്….മുഹമ്മദ് റാഷിദ് !

മനുഷ്യന്റെ ‘പറക്കൽ’ സ്വപ്‌നത്തിന് ചിറക് തന്ന ‘തല’

അഞ്ചംഗ സംഘമാണ് ‘ഹ്യൂമൻ ഫ്‌ളൈറ്റ്’ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇവരിലൊരാളാണ് ഇരുപത്തിയൊമ്പതുകാരനായ റാഷിദ്. ബംഗലൂരു വിഎസ്എം എയറോസ്‌പേസിൽ നിന്ന് ബിരുദം നേടിയ റാഷിദ് ഫുജെയ്‌റ ഏവിയേഷൻ അക്കാദമിയിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്.

സംഘാംഗങ്ങൾ

വിൻസന്റ് റെഫെയും ഫ്രെഡ് ഫ്യൂഗനുമായിരുന്നു പൈലറ്റുമാർ. മാത്യു കോർട്ടുവായാണ് ചീഫ് എഞ്ചിനിയർ. റാഷിദും, ആൻഡ്രെ ബെർനെറ്റുമാണ് എഞ്ചിനിയർമാർ. അലൻ ഗേയ്റ്റണാണ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്, ജോഷ്വാ ഗേയ്റ്റണാണ് എഡ്മിനിസ്‌ട്രേറ്റർ.

കോഴിക്കോട് സ്വദേശിയായ റാഷിദ് ആറ് വർഷങ്ങൾക്ക് മുമ്പാണ് ജെറ്റ്മാന് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. എയറനോട്ടിക്കൽ എഞ്ചിനിയറായ റാഷിദ് തുടക്കം മുതൽ തന്നെ ‘ഹ്യൂമൻ ഫ്‌ളൈറ്റ്’ ഉദ്യമത്തിന്റെ ഭാഗമായിരുന്നു.

റാഷിദിന്റെ സഹോദരൻ റാഹിബ് ജെറ്റ്മാന്റെ തന്നെ സ്വീഡൻ ശൃംഖലയിലെ ഉദ്യോഗസ്ഥനാണ്. ജെറ്റ്മാന്റെ ദുബായ് വിഭാഗം എയറനോട്ടിക്കൽ എഞ്ചിനിയറെ തേടുന്നതിനിടെയാണ് റാഷിദിന്റെ ബയോഡേറ്റ കാണുന്നതും റാഷിദിന് ജോലി ലഭിക്കുന്നതും.

പറക്കും മനുഷ്യൻ…

ഒരു പക്ഷിയെ പോലെ മനുഷ്യന് പറക്കാൻ സാധിക്കുക എന്നതായിരുന്നു കമ്പനിയുടെ ആശയം. ഈ ആശയം പ്രാവർത്തികമാക്കാൻ ഒരു കൂട്ടം സാങ്കേതിക വിദഗ്ധർ പ്രയത്‌നിച്ചത് രാപ്പകൽ വ്യത്യാസമില്ലാതെയാണ്…നീണ്ട ആറ് വർഷങ്ങൾ…!

കാർബൺ-ഫൈബർ സ്യൂട്ട് ഉപയോഗിച്ചാണ് പറക്കൽ സാധ്യമാകുന്നത്. ഈ സ്യൂട്ടിൽ നാല് മിനി എഞ്ചിനുകളാണ് ഉള്ളത്. സാധാരണ വിമാനങ്ങളിൽ പറക്കുന്നതിനായി ഉപയോഗിക്കുന്ന കൺട്രോളുകളിൽ പാതിയും ഈ സ്യൂട്ടിൽ ഉപയോഗിച്ചിട്ടില്ല. തലയുടെ അനക്കം കണക്കാക്കിയാണ് പറന്ന് പൊങ്ങുകയും മറ്റും ചെയ്യുന്നത്. ചെറിയ ജിപിഎസ് പോയിന്റുകൾ സ്യൂട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എ1 എന്ന ഇന്ധനമാണ് ഉപയോഗിച്ചിരിക്കുന്നത്.

പറക്കുന്ന വ്യക്തിയുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും ഈ സ്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്. പറക്കുന്നതിനിടെ സാങ്കേതിക തകരാർ സംഭവിച്ചാൽ സ്യൂട്ടിനൊപ്പമുള്ള ‘ചിറകിൽ’ നിന്ന് വേർപ്പെട്ട് പാരച്യൂട്ട് തുറന്ന് സുരക്ഷിതമായി താഴെയിറങ്ങാൻ സാധിക്കുന്ന തരത്തിലാണ് സ്യൂട്ടിന്റെ രൂപ കൽപ്പന.

രാപ്പകൽ നീണ്ടു നിന്ന പരീക്ഷണങ്ങൾ….

രാപ്പകൽ നീണ്ടു നിന്ന കഷ്ടപ്പാടുകൾക്കും പരീക്ഷണങ്ങൾക്കുമൊടുവിലാണ് പദ്ധതി വിജയത്തിലെത്തുന്നത്. അമ്പതോളം ടെസ്റ്റ് ഫ്‌ളൈറ്റുകളും നൂറിലേറെ ലാൻഡിംഗുകളും നടത്തി അപകടമൊന്നുമില്ലെന്ന് ഉറപ്പായതിന് ശേഷമാണ് ജെറ്റമാൻ കമ്പനി ‘പറക്കും മനുഷ്യനെ’ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.

പറക്കും മനുഷ്യന്റെ ആദ്യ യാത്ര…

ദുബായിലെ സ്‌കൈഡൈവ് റൺവേയിൽ നിന്നാണ് ഈ ചരിത്ര പറക്കൽ നടന്നത്. പൈലറ്റ് വിൻസ് റെഫെയാണ് ആദ്യമായി ഇതുപയോഗിച്ച് ആകാശത്ത് പറന്നത്. ഏകദേശം 6000 അടി ഉയരത്തിൽ വിൻസ് പറന്നു.

റാഷിദിന്റെ കുടുംബം

കോഴിക്കോട് കുളങ്ങരപീടിക സ്വദേശിയാണ് റാഷിദ്. അച്ഛൻ അബ്ദുൽ ലത്തീഫ്, അമ്മ സൗദാബി. ഭാര്യ ഷാലു ജാസ്മിൻ, മകൾ ഫ്രെയ റാഷിദ്. റാഷിദിന് ഒരു സഹോദരനുണ്ട്. പേര് റാഹിബ്, ഭാര്യ ജുഹൈന.

Story Highlights-  Flying Man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here