സ്വർണക്കടത്ത് കേസിൽ പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി

സ്വർണക്കടത്ത് കേസിൽ പ്രതികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. കസ്റ്റംസ് സൂപ്രണ്ടായിരുന്ന ബി രാധാകൃഷ്ണൻ, ഇൻസ്‌പെക്ടർ രാഹുൽ എന്നിവരെയാണ് പിരിച്ചുവിട്ടത്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറാണ് നടപടിയെടുത്തത്.
തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്താൻ ഒത്താശ നൽകിയ കേസിലാണ് കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണൻ പ്രതിചേർക്കപ്പെട്ടത്. 8 കോടി 17 ലക്ഷം രൂപ മൂല്യമുള്ള സ്വർണം കടത്താനാണ് സഹായം നൽകിയത്. കോഫേപോസ ചുമത്തി കേന്ദ്ര സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ ഇയാൾക്കതിരെ കേസെടുത്തിരുന്നു. തുടർന്നാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ഡിആർഐ പിന്നീട് ബി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂർ വിമാനത്താവളം വഴി നാല് കോടി രൂപ മൂല്യമുള്ള 11 കിലോ സ്വർണം കടത്തുന്നതിന് സഹായം നൽകാൻ ശ്രമിച്ചുവെന്നാണ് ഇൻസ്‌പെക്ടർ രാഹുലിനെതിരെയുള്ള കണ്ടെത്തൽ. കസ്റ്റംസ് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇരുവരുടയും കുറ്റങ്ങൾക്ക് ശക്തമായ തെളിവുകൾ ഡിആർഐ ശേഖരിച്ച പശ്ചാത്തലത്തിലാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവർ രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങൾക്ക് കൂടുതൽ സഹായം നൽകിയിട്ടുണ്ടെന്നാണ് ഡിആർഐയുടെ നിഗമനം. സമാന കണ്ടെത്തലുകളിൽ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here