സുരക്ഷിതമായി അന്തിയുറങ്ങാൻ വീടില്ലാതെ കടത്തിണ്ണയിൽ ഒരു കുടുംബം

തല ചായ്ക്കാൻ ഒരിടമുള്ളവർ ഭാഗ്യവാന്മാരാണെന്ന് മനസിലാകും സുരക്ഷിതമായി അന്തി ഉറങ്ങാൻ ഒരു കൂര ഇല്ലാത്തവരെ കാണുമ്പോൾ. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപന്തലിൽ ചെന്നാൽ പാതി ഒഴിഞ്ഞ വയറുമായി അച്ഛനും അമ്മയും എട്ട് വയസുകാരനും അടങ്ങുന്ന കുടുംബത്തെ കാണാം.
ആലപ്പുഴ മെഡിക്കൽ കോളജിൽ ദിവസ വേദന അടിസ്ഥാനത്തിൽ ശുചീകരണ തൊഴിലാളിയാണ് മണിക്കുട്ടൻ. സ്വന്തമായി വീടോ, സ്ഥലമോ ഇല്ല. രോഗിയായ ഭാര്യയുടെയും പറക്കമുറ്റാത്ത മകന്റെയും ഏക ആശ്രയം മണിക്കുട്ടന്റെ തുച്ഛമായ വരുമാനമാണ്. ഒന്നര മാസം ജോലി ചെയ്താൽ പിന്നെ മൂന്ന് മാസം മാറിനിൽക്കണം എന്നതാണ് ജോലിയുടെ വ്യവസ്ഥ. അതിനാൽ തന്നെ വാടക വീട് എടുക്കാനോ, മകനെ സ്‌കൂളിൽ വിടാനോ പറ്റാത്ത സ്ഥിതിയാണ്.
ജോലിയുള്ള ദിവസങ്ങളിൽ പകൽ രോഗിയായ ഭാര്യയെയും മകനെയും ഒപ്പം കൂട്ടും. ആശുപത്രിയിലെ ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്ത് ഇവരെ ഇരുത്തും. ആശുപത്രിയിൽ സംഘടനകൾ വിതരണം ചെയ്യുന്ന പൊതിച്ചോറാണ് ഉച്ച ഭക്ഷണം. വൈകീട്ട് ആരുടെയെങ്കിലും കനിവുണ്ടെങ്കിലേ ആഹാരം കഴിക്കാനാകൂ.
എന്നാൽ അന്തിയുറങ്ങാൻ ഒരു കൂരയോ, മകനെ സ്‌കൂളിലയക്കാനുള്ള സ്ഥിതിയോ ഇല്ലാതെ കടത്തിണ്ണയിലെ ഇരുട്ടിലേക്കാണ് മണിക്കുട്ടൻ വീണ്ടും നടന്നു കയറുന്നത്. മൂന്നാം ക്ലാസിൽ പഠനം നിർത്തിയ മകൻ ശ്യാമിന്റെ കണ്ണുകളിലെ ദയനീയത ആരുടേയും കണ്ണ് നിറയ്ക്കും. തെരുവിലെ ദിനങ്ങളിൽ ബാല്യം ഹോമിച്ച് തീർക്കേണ്ടി വരുന്ന ശ്യാമിന്റെ നിഷ്‌കളങ്കമായ ചിരിക്ക് മുന്നിൽ ആർക്കും കണ്ണടയ്ക്കാനാകില്ല.
ambalappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here