Advertisement

ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; ശരണ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 25, 2020
Google News 1 minute Read

കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ശരണ്യയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ശരണ്യയുമായി അടുപ്പമുണ്ടായിരുന്ന വാരം സ്വദേശിയ്ക്ക് കൊലയിൽ പങ്കില്ലെന്നാണ് പൊലീസിൻ്റെ നിഗമനം. ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തിരുമാനം. ഇയാളെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. ഇവർ തമ്മിലുള്ള ഫോൺ കോൾ രേഖകളും ഫോൺ സന്ദേശങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

കണ്ണൂർ തയ്യിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹമാണ് ഒരാഴ്ചക്കു മുൻപ് രാവിലെ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടൽ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലർച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. തലക്കേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മാതാപിതാക്കളുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കടൽതീരത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലിൽ മാതാപിതാക്കളായ പ്രണവും ശരണ്യയും പരസ്പരം കുറ്റം ആരോപിച്ചിരുന്നു. മാത്രമല്ല, ശരണ്യയുടെ അമ്മയും സഹോദരനും പ്രണവിനെതിരായാണ് പൊലീസിൽ മൊഴി നൽകിയത്.

എന്നാൽ, അന്വേഷണം പുരോഗമിച്ചതോടെ പ്രതി ശരണ്യ ആണെന്ന് പൊലീസ് കണ്ടെത്തി. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ഭർത്താവായ പ്രണവുമായി അസ്വാരസ്യത്തിലായിരുന്ന ശരണ്യ വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് അയാളാണ് കൊല നടത്തിയതെന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു. കാമുകനൊപ്പം ജീവിക്കാനായാണ് കണ്ണൂർ സ്വദേശിനിയായ ശരണ്യ കുഞ്ഞിനെ കൊന്നത്.

Story Highlights: Kannur child death mother in police custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here