കേരളത്തിലെ ട്രെയിൻ കവർച്ചാക്കേസുകൾ കുപ്രസിദ്ധ മോഷ്ടാവ് ലാലാ കബീറിലേക്ക്

കേരളത്തിലെ തീവണ്ടികളിലെ കവർച്ചാക്കേസുകൾ കുപ്രസിദ്ധ മോഷ്ടാവ് ലാലാ കബീറിലേക്ക്. കോയമ്പത്തൂർ ജയിലിൽ കഴിയുന്ന ലാലാ കബീറിനെ കോടതിയുടെ പ്രത്യേക അനുമതിയോടെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. 2016ലെ കവർച്ചയുമായി ബന്ധപ്പെട്ട് തലശേരി കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ച ലാലാ കബീറിനെ അടുത്ത ദിവസം കേരളത്തിൽ എത്തിക്കും. കവർച്ചയ്ക്ക് പിന്നിൽ ലാലാ കബീറിന്റെ സംഘാംഗങ്ങളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കഴിഞ്ഞ എട്ടിന് ചെന്നൈ- മംഗളൂരു സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം- മംഗളൂരു മലബാർ എക്‌സ്പ്രസുകളിലെ എ സി കോച്ചുകളില്‍ നടന്ന മോഷണക്കേസ് അന്വേഷിക്കുന്നതിനിടയിലാണ് നാല് വർഷം മുമ്പുള്ള മോഷണക്കേസിന്റെ ചുരുളഴിയുന്നത്.

2016 ഒക്ടോബർ മൂന്നിന് കാഞ്ഞങ്ങാടിനും കാസർഗോഡിനും ഇടയിൽ വച്ച് വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിൽ 2.27 ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയാണ് ലാലാ കബീർ. കൂടാതെ നിരവധി കവർച്ചാക്കേ കളിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ ലാലാ കബീറിനെ അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം തലശേരി കോടതിയിൽ അപേക്ഷ നൽകുകയും കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇയാളെ അടുത്ത ദിവസം തലശേരി കോടതിയിൽ ഹാജരാക്കും. എന്നാൽ ഇരട്ട കവർച്ച നടന്ന ദിവസം കബീർ ജയിലിൽ ആയിരുന്നെങ്കിലും കബീറിന്റെ സഹായികൾ ഈ ദിവസങ്ങളിൽ പുറത്തുണ്ടായിരുന്നു. 2016ലെ കവർച്ചയിൽ കബീറിന്റെ ഒപ്പമുണ്ടായിരുന്ന ജുനൈദിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് റെയിൽവേ സി ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കോടതിയുടെ അനുമതിയോടെ കോയമ്പത്തൂർ ജയിലിലെത്തി ലാലാ കബീറിനെ ചോദ്യം ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top