മെലാനിയാ ട്രംപിന്റെ വസ്ത്രത്തിലെ ഇന്ത്യൻ രഹസ്യമെന്ത്?

ഇന്ത്യാ സന്ദർശനത്തിന് ഇന്നലെ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പത്‌നി മെലാനിയയുടെ തൂവെള്ള വസ്ത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു. വെള്ള നിറത്തിലുള്ള ജംപ് സ്യൂട്ട് രൂപകൽപന ചെയ്തത് ഫ്രഞ്ച് അമേരിക്കൻ ഡിസൈനറായ ഹെർവ് പെയർ ആണ്. എന്നാൽ ആ വേഷത്തിന്റെ ഇന്ത്യൻ ബന്ധമെന്തെന്ന് അറിയാമോ?
Read Also: ട്രംപിന്റെ ഇന്ത്യാ സന്ദർശനം; ചരിത്രത്തിൽ ആദ്യമായി താജ്മഹലിലെ ശവകുടീരങ്ങൾ വൃത്തിയാക്കി യുപി സർക്കാർ
‘ഫ്‌ളോട്ടസ്’ അഥവാ ‘ഫസ്റ്റ് ലേഡി ഓഫ് ദി യുണെെഡ് സ്റ്റേറ്റ്സ്’ ധരിച്ച വേഷത്തിൽ ബെൽറ്റിന് പകരമായി ഉപയോഗിച്ച പച്ച നിറത്തിലുള്ള ബ്രൊക്കേഡിനാണ് ഇന്ത്യൻ കണക്ഷനുള്ളത്. ജംപ് സ്യൂട്ടിന് നൽകിയ ഈ ഇന്ത്യൻ ടച്ചിനായി തെരഞ്ഞെടുത്തത് പാരീസിൽ വച്ച് കണ്ടെത്തിയ ഇന്ത്യൻ വസ്ത്രത്തിൽ നിന്നെടുത്ത പച്ച പട്ടും സ്വർണ മെറ്റാലിക് നൂലുമാണ്. ഇരുപതാം നൂറ്റാണ്ടിലേതാണ് ഈ പട്ട്. ഡിസൈനർ തന്നെയാണ് ഈ രഹസ്യം സമൂഹമാധ്യമത്തിലൂടെ ലോകവുമായി പങ്കുവച്ചത്.
മുൻ മോഡൽ കൂടിയായ 49 വയസുകാരിയായ മെലാനിയ തന്റെ ഇന്ത്യൻ സ്ത്രീ അംഗരക്ഷകർക്ക് 63 ദശലക്ഷം ഡോളറിന്റെ യൂണിഫോം വാങ്ങിയത് വാർത്തയായിരുന്നു. മെലാനിയയോട് സംസാരിക്കാൻ പ്രത്യേക പരിശീലനം പത്തംഗ സംഘത്തിന് നൽകിയെന്നാണ് വിവരം. ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘത്തിനാണ് ചുമതല. ഇന്ന് രാത്രി പത്ത് മണിക്ക് അമേരിക്കൻ പ്രസിഡന്റും സംഘവും ഇന്ത്യയിൽ നിന്ന് തിരിച്ച് പോകും.
melania trump