മന്നത്ത് പത്മനാഭനെക്കുറിച്ച് ചരമ വാർഷിക ദിനത്തിൽ മുഖ്യമന്ത്രിയുടെ കുറിപ്പ്

സമുദായികാചാര്യൻ മന്നത്ത് പത്മനാഭന്റെ 50ാം ചരമ വാർഷിക ദിനത്തിൽ മന്നത്തിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ പലതിനോടും വിയോജിക്കുന്നവർക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നൽകിയ സംഭാവനകൾ ചിരസ്മരണീയമാണ് എന്ന് കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരാചാരങ്ങൾക്കും അപരിഷ്‌കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്‌കർത്താവായ മന്നത്തിന്റെ സ്മരണ ഊർജം പകരുമെന്നും പിണറായി കുറിപ്പിൽ

Read Also: മന്നത്ത് പത്മനാഭൻ ഓർമയായിട്ട് 50 വർഷം

കുറിപ്പ് വായിക്കാം,

എൻഎസ്എസിന്റെ സ്ഥാപക നേതാവും സാമൂഹിക പരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭന്റെ അമ്പതാം ചരമ വാർഷികമാണ് ഇന്ന്.

അദ്ദേഹം നേതൃത്വം നൽകിയ സാമൂഹ്യപരിഷ്‌കാരങ്ങൾ ഇന്ന് കാണുന്ന കേരളം സൃഷ്ടിക്കുവാൻ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. മനുസ്മൃതിയെ അടിസ്ഥാനമാക്കി ദുരാചാരങ്ങൾ തുടരാനുള്ള ശ്രമങ്ങളെ മന്നത്തിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ചെറുത്തത് തിരുവിതാംകൂറിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.

നായർ സമുദായത്തിലുണ്ടായിരുന്ന പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങൾ നിർത്തലാക്കുന്നതിന് മന്നം പ്രേരിപ്പിച്ചു. അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന് സമുദായത്തെക്കൊണ്ട് ആവശ്യപ്പെടുവിക്കുന്നതിന് മന്നം നേതൃത്വം നൽകി. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയിൽ മന്നം സജീവമായി പങ്കുകൊണ്ടു. വൈക്കം ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ പിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള സവർണജാഥ നയിച്ചത് മന്നമായിരുന്നു.

മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ പലതിനോടും വിയോജിക്കുന്നവർക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നൽകിയ സംഭാവനകൾ ചിരസ്മരണീയമാണ് എന്ന് പറയാൻ കഴിയും. ദുരാചാരങ്ങൾക്കും അപരിഷ്‌കൃത ചിന്തകൾക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്‌കർത്താവായ മന്നത്തിന്റെ സ്മരണ ഊർജം പകരും.

1970 ഫെബ്രുവരി 25 നാണ് മന്നത്ത് പത്മനാഭൻ അന്തരിച്ചത്. കേരള നവോത്ഥാന പ്രസ്ഥാനത്തിന് സുപ്രധാന സംഭാവനകൾ മന്നത്ത് നൽകി. കേരളത്തിൽ വളർന്ന് വികസിച്ച നവോത്ഥാന ചിന്തകളെ നായർ വിഭാഗത്തിൽ പ്രചരിപ്പിച്ചാണ് രംഗത്തേക്ക് കടന്നുവന്നത്. സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിച്ചു. ആർഭാട രഹിതമായ രീതിയിൽ ചടങ്ങുകൾ നടത്താൻ മന്നത്ത് നിഷ്‌കർഷിച്ചു.

 

mannath pathmanabhan, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top