പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകണം; അർധരാത്രി ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ഡൽഹിയിൽ കലാപം കലുഷിതമായ സാഹചര്യത്തിൽ അടിയന്തരമായി ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി. ഇന്നലെ അർധരാത്രിയാണ് കോടതി ഹർജി പരിഗണിച്ചത്. പരുക്കേറ്റവർക്ക് എത്രയും വേഗം ചികിത്സ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

കലാപങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ ഒരു വഴിയുമില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. രാത്രി കോടതി തുറക്കാൻ സാധിക്കാത്തതിനാൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്. പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉച്ചയോടെ തത്സമയ വിവര റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഡൽഹി പൊലീസിന് കർശന നിർദേശം നൽകി. പരുക്കേറ്റവർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

അതേസമയം, ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 190 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top