പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ഇടതു പക്ഷവുമായി യോജിച്ച് സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

പൗരത്വ നിയമത്തിന് എതിരെ ഇടത് പക്ഷവുമായി യോജിച്ച് സമരത്തിന് ഒരുങ്ങി മുസ്‌ലിം ലീഗ്. ലീഗ് സ്ഥാപക ദിനമായ മാര്‍ച്ച് 10 ന് പഞ്ചായത്ത് തലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തിരുമാനിച്ചു. അതേ, സമയം ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം നാളെ ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശം സന്ദര്‍ശിക്കും.

പൗരത്വ നിയമത്തിന് എതിരെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് മുസ്‌ലിം ലീഗ്. ഇന്ന് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ യോജിച്ചുള്ള സമരത്തിന്റെ സാധ്യതകളും ലീഗ് ചര്‍ച്ച ചെയ്തു. മുസ്‌ലിം ലീഗ് സ്ഥാപക ദിനമായ മാര്‍ച്ച് 10 ന് പഞ്ചായത്ത് തലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും മാര്‍ച്ച് 21 ന് മണ്ഡലം തലങ്ങളില്‍ രാപകല്‍ ഇരുപ്പ് സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഈ യോഗങ്ങളിലേക്ക് ഇടതുപക്ഷ നോതാക്കളെയും ക്ഷണിക്കാന്‍ സാധ്യതയുണ്ട്.

അതേ സമയം യോജിച്ചുള്ള സമരത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ലീഗിലെ മുതീര്‍ന്ന നേതാക്കള്‍ പരസ്യമായല്ലെങ്കിലും രംഗത്ത് എത്തി. യുഡിഎഫുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി ലീഗ് എടുത്ത തീരുമാനം മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കും എന്നതാണ് ഇവരെ ചെടുപ്പിച്ചത്. പതിയെ കാര്യങ്ങള്‍ മുന്നണിയില്‍ അവതരിപ്പിക്കാനായിരുന്നു ലീഗ് തീരുമാനം. അതേസമയം, രാജ്യത്ത് ന്യൂനപക്ഷ വേട്ട നടക്കുന്നതായി സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. ഡല്‍ഹി കത്തുന്നതല്ല, കത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം നാളെ ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശം സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.

Story Highlights: muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top