പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം : ഡൽഹി ഹൈക്കോടതി

പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വെർമ, അഭയ് വെർമ, അനുരാഗ് താക്കൂർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഡൽഹി പൊലീസ് നാളെ നിലപാട് അറിയിക്കണം. 1984 ആവർത്തിക്കാൻ അനുവദിക്കില്ല. ആരും നിയമത്തിന് അതീതരല്ലെന്നും ജസ്റ്റിസ് എസ് മുരളീധർ പറഞ്ഞു. രാവിലെ സുപ്രിംകോടതി ഡൽഹി പൊലീസിനെ വിമർശിച്ചിരുന്നു.

ബിജെപി നേതാക്കളുടെ വിവാദ പ്രസംഗങ്ങൾ കോടതിക്കുള്ളിൽ കണ്ട ശേഷമാണ് ജസ്റ്റിസ് എസ്. മുരളീധർ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. പ്രകോപനപരമായ പരാമർശങ്ങൾ ഉണ്ടായാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ മാത്രമേ മുദ്രാവാക്യം ആവർത്തിക്കാതിരിക്കുകയുള്ളു. കേസെടുക്കാൻ വൈകിയാൽ കൂടുതൽ പ്രകോപനപരമായ പ്രസംഗങ്ങൾ ഉണ്ടാകും. കേസ് എടുത്തില്ലെങ്കിൽ തെറ്റായ സന്ദേശം നൽകുമെന്നും ജസ്റ്റിസ് എസ്. മുരളീധർ നിരീക്ഷിച്ചു.

വലിയ കലാപങ്ങൾ ഡൽഹി നഗരം കണ്ടുവെന്ന് 1984ലെ സിഖ് വിരുദ്ധ കലാപം സൂചിപ്പിച്ച് കോടതി പറഞ്ഞു. കലാപങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. നഗരം കത്തുകയാണെന്ന് ഹൈക്കോടതി പറഞ്ഞപ്പോൾ, ചില മേഖലകൾ മാത്രമാണ് കത്തുന്നത് എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം. ബിജെപി നേതാക്കൾക്കെതിരെ ഉടൻ എഫ്‌ഐആർ എടുക്കണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടു.

അതേസമയം, ദൗർഭാഗ്യകരമായ സംഭവങ്ങളാണിതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഡൽഹി പൊലീസിന്റെ സ്വതന്ത്ര സ്വഭാവവും പ്രൊഫെഷണലിസവുമാണ് പ്രശ്‌നം. കൃത്യ സമയത്ത് നടപടിയെടുക്കാത്തതും ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടി.

Story Highlights- FIR, Delhi Highcourt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top