പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ പിന്തുണച്ചു; 101 വയസുള്ള സ്വാതന്ത്ര്യ സമര സേനാനിയെ പാക് ഏജന്റ് ആക്കി ബിജെപി എംഎൽഎ

നൂറ്റിയൊന്ന് വയസുള്ള സ്വാതന്ത്ര്യസമര സേനാനിയെ പാക് ഏജന്റെന്ന് വിളിച്ചാക്ഷേപിച്ച ബിജെപി എംഎൽഎക്കെതിരെ വ്യാപക പ്രതിഷേധം. കര്‍ണാടക സ്വദേശിയായ സ്വാതന്ത്ര്യ സമര സേനാനി എച്ച് എസ് ദൊരൈസ്വാമിക്കെതിരെയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ കര്‍ണാടകയിലെ നിയമസഭ അംഗവുമായ ബസന്‍ഗൗഡയുടെ വിവാദ പരാമര്‍ശം. ദൊരൈസ്വാമി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജ സ്വാതന്ത്ര്യ സമര സേനാനിയാണ് അദ്ദേഹമെന്നും ബസന്‍ഗൗഡ പരിഹസിച്ചു.

കര്‍ണാടകയില്‍ ഏറെ ബഹുമാന്യനായ വ്യക്തിത്വമാണ് ദൊരൈസ്വാമി. ഈ പ്രായത്തിലും സമൂഹത്തിനു വേണ്ടി സജീവമാണ് ഈ വന്ദ്യവയോധികന്‍. തികഞ്ഞ ഗാന്ധിയനായ ദൊരൈസ്വാമി പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ  രംഗത്തു വന്നതാണ് ബിജെപി എംഎല്‍എയെ ചൊടിപ്പിച്ചത്. പ്രായത്തിന്റെ അവശകതകളൊന്നും വകവയ്ക്കാതെയാണ് നൂറ്റിയൊന്നുകാരനായ ദൊരൈസ്വാമി പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത്.

അതേസമയം, തനിക്കെതിരേ ബസന്‍ഗൗഡ നടത്തിയ പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും തീര്‍ത്തും അവഗണിക്കുകയാണ് ദൊരൈസ്വാമി ചെയ്തത്. പട്ടികള്‍ കുരച്ചുതുകൊണ്ട് ഇവിടെയൊന്നും സംഭവിക്കില്ലെന്നു മാത്രമായിരുന്നു ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍, ക്വിറ്റ് ഇന്ത്യ സമരത്തില്‍ ഉള്‍പ്പെടടെ പങ്കെടുത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ഒരു മനുഷ്യനെ അപമാനിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് കര്‍ണാടകയില്‍ ഉയര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ ദീര്‍ഘകാലത്തോളം ദൊരൈസ്വാമിയെ ജയിലില്‍ അടച്ചിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിക്കഴിഞ്ഞും ദൊരൈസ്വാമി വിശ്രമിച്ചിട്ടില്ല. ഇന്ത്യയെന്ന ഐക്യത്തിനു വേണ്ടിയും പോരാടിയ ദൊരൈസ്വാമി അടിയന്തിരാവസ്ഥ കാലത്തും തന്റെ പോരാട്ടം തുടര്‍ന്നിരുന്നു. ഇതിന്റെ പേരിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top