ജഡ്ജിയുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി മാത്രം; ന്യായീകരിച്ച് കേന്ദ്രസർക്കാർ
ഡൽഹി കലാപക്കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിന്റെ സ്ഥലംമാറ്റത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. കൊളിജീയത്തിന്റെ തീരുമാനപ്രകാരമുള്ള സ്വാഭാവിക നടപടിയാണ് സ്ഥലംമാറ്റമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയെ വിമർശിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഇതിലൂടെ ജുഡീഷ്യറിയോടുള്ള കോൺഗ്രസിന്റെ കൂറില്ലായ്മ വ്യക്തമായി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയ ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയതിനെ വിമർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. സിബിഐ പ്രത്യേക ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ലോയയെ അനുസ്മരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല, നാണക്കേടാണ് തോന്നുന്നതെന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here