വനിതാ ടി-20 ലോകകപ്പ്: ഒറ്റക്ക് പൊരുതി ഷഫാലി; ഇന്ത്യക്ക് കുറഞ്ഞ സ്കോർ

വനിതാ ടി-20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കുറഞ്ഞ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. 46 റൺസെടുത്ത കൗമാര ഓപ്പണർറ്റ് ഷഫാലി വർമ്മ മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്. 23 റൺസെടുത്ത തനിയ ഭാട്ടിയയും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഷഫാലിയോടൊപ്പം മറ്റു മൂന്ന് താരങ്ങൾ കൂടി ഇരട്ടയക്കം കടന്നെങ്കിലും ആർക്കും തുടക്കം മുതലെടുക്കാനായില്ല.
ഷഫാലിക്കെതിരെ കൗശലത്തോടെ പന്തെറിഞ്ഞ ന്യൂസിലൻഡ് ബൗളർമാർ താരത്തെ ആദ്യ ഘട്ടങ്ങളിൽ പിടിച്ചുനിർത്തി. ഇതോടെ സ്മൃതി മന്ദന സ്കോറിംഗ് ചുമതല ഏറ്റെടുത്തു. രണ്ട് ബൗണ്ടറികളോടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയ മന്ദന ലീ തഹുഹുവിൻ്റെ പന്തിൽ പ്ലെയ്ഡ് ഓണായത് ഇന്ത്യക്ക് തിരിച്ചടിയായി. തനിയ ഭാട്ടിയയാണ് മൂന്നാം നമ്പറിൽ ഇറങ്ങിയത്. മന്ദന പുറത്തായതോടെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത ഷഫാലി അനായാസം സ്കോർ ഉയർത്തി. തനിയ ഭാട്ടിയ ഷഫാലിക്ക് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. 10ആം ഓവറിൽ ഭാട്ടിയ പുറത്തായതോടെയാണ് 51 റൺസ് നീണ്ട ഈ കൂട്ടുകെട്ട് തകർന്നത്. 25 പന്തുകളിൽ 3 ബൗണ്ടറികൾ അടക്കം 23 റൺസെടുത്താണ് ഭാട്ടിയ മടങ്ങിയത്. റോസ്മേരി മൈറിൻ്റെ പന്തിൽ അമേലിയ കെർ ഭാട്ടിയയെ കൈപ്പിടിയിലൊതുക്കി.
പിന്നാലെ ജമീമ റോഡ്രിഗസ് (10), ഹർമൻപ്രീത് കൗർ (1) എന്നിവർ വേഗം പുറത്തായി. ജമീമയെ റോസ്മേരി മൈർ അമേലിയ കെറിൻ്റെ കൈകളിൽ എത്തിച്ചപ്പോൾ ഹർമൻപ്രീതിനെ ലീ കാസ്പെറക് സ്വന്തം ബൗളിംഗിൽ പിടികൂടി. ഒരു വശത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ഷഫാലിക്ക് പിന്തുണ നൽകാൻ മറ്റ് ബാറ്റർമാർക്ക് സാധിക്കാതിരുന്നതോടെ സമ്മർദ്ദം ഏറിയ ഷഫാലി അമേലിയ കെറിൻ്റെ ഇരയായി മടങ്ങി. 34 പന്തുകളിൽ 4 ബൗണ്ടറികളും 3 സിക്സറും സഹിതം 46 റൺസെടുത്ത കൗമാര താരത്തെ ഹെയ്‌ലി ജെൻസൺ പിടികൂടുകയായിരുന്നു.
ദീപ്തി ശർമ്മ (8), വേദ കൃഷ്ണമൂർത്തി (6) എന്നിവർ യഥാക്രമം സോഫി ഡിവൈൻ്റെയും അമേലിയ കെറിൻ്റെയും ഇരകളായി മടങ്ങി. ദീപ്തിയെ ഹെയ്‌ലി ജെൻസൺ പിടികൂടിയപ്പോൾ വേദ വിക്കറ്റിനു മുന്നിൽ കുരുങ്ങി. അവസാന ഓവറിൽ ചില മികച്ച ഷോട്ടുകൾ ഉതിർത്ത രാധ യാദവാണ് ഇന്ത്യയെ 130 കടത്തിയത്. 9 പന്തുകളിൽ 14 റൺസെടുത്ത രാധ അവസാന പന്തിൽ റണ്ണൗട്ടായി. ശിഖ പാണ്ഡെ (10) പുറത്താവാതെ നിന്നു.
Story Highlights: Womenst t-20 world cup india innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here