സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. പാൽ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് വില വർധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് മിൽമ നീങ്ങുന്നത്. ലിറ്ററിന് 6 രൂപവരെ ഉയർത്തണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കും.
വേനൽ കാലമായതോടെ സംസ്ഥാനത്ത് പാൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കേരളത്തിൽ പാൽ ലഭ്യത ഉറപ്പ് വരുത്താനായി അന്യസംസ്ഥാനങ്ങളിലെ പാൽ സഹകരണ സംഘങ്ങളെ ആശ്രയിക്കേണ്ട സാഹര്യമാണ് നിലവിൽ ഉള്ളത്. പ്രതിദിനം 12ലക്ഷം ലിറ്റർ പാലാണ് കേരളത്തിൽ സഹകരണ സംഘങ്ങൾ വഴി നൽകിയിരുന്നത്. ഇതോടൊപ്പം 2 ലക്ഷം ലിറ്റർ കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ വേനൽ കടുത്തതോടെ കേരളത്തിലെ പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു. ഒപ്പം കർണാടകയിൽ നിന്നുള്ള ഇറക്കുമതി ഒരു ലക്ഷം ലിറ്ററായി കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. പാൽ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ മിൽമ സ്വീകരിച്ചെങ്കിലും പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.
Story Highlights- സംസ്ഥാനത്ത് പാൽക്ഷാമം: തമിഴ്‌നാടിന്റെ സഹായം തേടി മുഖ്യമന്ത്രി; സഹായം ഉറപ്പ് നൽകി തമിഴ്‌നാട്
ക്ഷീരകർഷകർ കടുത്ത നഷ്ടം സഹിച്ചാണ് നിലവിൽ പാൽ വിൽക്കുന്നത്. അതുകൊണ്ട് ഈ സ്ഥിതി തുടർന്നാൽ ക്ഷീരകർഷകരുടെ ജീവിതം വഴിമുട്ടും. ഇക്കാരണത്താലാണ് പാലിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
ലിറ്ററിന് 6 രൂപ വർധിപ്പിക്കണമെന്ന് മിൽമ എറണാകുളം മേഖല സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ 29ന് നടക്കുന്ന മിൽമ സംസ്ഥാന ബോർഡ് യോഗത്തിന് ശേഷം മാത്രമേ വിലയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകു. കഴിഞ്ഞ സെപ്തംബറിലാണ് മിൽമ ലിറ്ററിന് 4 രൂപ വർധിപ്പിച്ചത്. വീണ്ടും ഒരു വർധന ഉണ്ടായാൽ മലയാളികളുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റും.
Story Highlights- Milma, Milk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here