‘പുരസ്‌കാരം ഭക്തികാവ്യത്തിനെങ്കിൽ സ്വീകരിക്കില്ല’; വിവാദത്തിൽ പ്രതികരണവുമായി പ്രഭാവർമ

പുരസ്‌കാര വിവാദത്തിൽ പ്രതികരണവുമായി കവി പ്രഭാവർമ.’ശ്യാമമാധവം’ ഭക്തികാവ്യമല്ലെന്ന് പ്രഭാവർമ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഭക്തികാവ്യത്തിനാണോ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ നിശ്ചയമില്ല. പുരസ്‌കാരം ഭക്തികാവ്യത്തിനാണെങ്കിൽ തനിക്ക് വേണ്ടെന്നും പ്രഭാവർമ ട്വന്റിഫോറിനോട് പറഞ്ഞു.
പുരസ്‌കാരത്തിന് തന്നെ പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. തന്റേത് ഭക്തികാവ്യമല്ല എന്ന കാര്യം തനിക്ക് മറച്ചുവയ്‌ക്കേണ്ട കാര്യമില്ല. കൃഷ്ണന് പല മാനങ്ങളുണ്ട്. സമഗ്രതയിൽ കൃഷ്ണനെ കാണാൻ കഴിയാത്തവർക്കാണ് വിയോജിപ്പ് ഉണ്ടാകുന്നതെന്നും പ്രഭാവർമ പറഞ്ഞു.
പ്രഭാവർമയ്ക്ക് പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം നൽകുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അവാർഡിനർഹമായ ‘ശ്യാമമാധവം’ എന്ന കൃതി കൃഷ്ണനെ ആക്ഷേപിക്കുന്നു എന്ന ഹർജിയിലാണ് സ്റ്റേ നൽകിയത്. പൂന്താനം അവാർഡ് നൽകേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്ന ആൾക്കാണോയെന്ന് കോടതി ചോദിച്ചിരുന്നു. അവാർഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡാണ് അവാർഡ് നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here