തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിയോട് സുപ്രിംകോടതി. നേരത്തെ സര്‍ക്കാരിന്റെ റിട്ട് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സുപ്രിംകോടതി നിലപാട് എടുത്തിരിക്കുന്നത്. വിമാനത്താവള കൈമാറ്റത്തിന് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും അതിനാല്‍ കേരളത്തിന്റെ ഹര്‍ജി അനവസരത്തിലുള്ളതാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള കണ്ടെത്തല്‍. സുപ്രിംകോടതി ഇതും തള്ളിയിട്ടുണ്ട്.

വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതു തന്നെയാണെന്നായിരുന്നു ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായുള്ള ബഞ്ച് പറഞ്ഞത്. വിമാനത്താവളം കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി മെറിറ്റില്‍ കേള്‍ക്കണമെന്നും പരമോന്നത കോടതി കേരള ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

അതേസമയം, വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജന്‍ സുപ്രിംകോടതിയെ അറിയിച്ചത്. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ ആദ്യം കേരള സര്‍ക്കാരിനെ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി. യു സിംഗ്, സി. കെ ശശി എന്നിവര്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയായി 140 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഭൂമിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെന്നും അഭിഭാഷകര്‍ സുപ്രിംകോടതിയെ അറിയിച്ചു.

Story high light: thiruvanathapuram airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top