കൊറോണ; കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിൽ കേരളം നടത്തിയ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് എത്തിയ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിയാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംതൃപ്തി അറിയിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡും കേന്ദ്ര സംഘം സന്ദർിശിച്ചിരുന്നു.

നിലവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 191 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 181 പേർ വീടുകളിലും 10 പേർ ആശുപത്രികളിലൂമായാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സംശയാസ്പദമായി തോന്നിയവരുടെ 485 സാമ്പിളുകൾ എൻഐവിയിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 471 സാമ്പിളുകളുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ല. എങ്കിലും കരുതൽ നടപടികൾ തുടരുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്.

മലേഷ്യയിൽ നിന്നും വന്നതിനുശേഷം കളമശേരി മെഡിക്കൽ കോളേജിൽ ഐസലോഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടൊരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കൊറോണോ സാമ്പിൾ പരിശോധനയിൽ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ, ഇത് കൊറോണ മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പ്രമേഹം മൂർച്ഛിച്ചതും ന്യുമോണിയ ഗുരുതരമായി മാറിയതുമാണ് രോഗിയുടെ മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

അതേസമയം, ലോകത്ത് കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ പരിശോധിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. വരുന്നവരെല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്നും അഭ്യർത്ഥനയുണ്ട്. കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർ 14 ദിവസത്തേക്കെങ്കിലും നിരീക്ഷണത്തിൽ കഴിയണം.

Story highlight: Corona virus, Preventative Activities of Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top