നിർഭയ കേസ്: വധശിക്ഷ നീട്ടാൻ വീണ്ടും പ്രതിയുടെ നീക്കം

നിർഭയ കേസിലെ വധശിക്ഷ നീട്ടാൻ വീണ്ടും പ്രതിയുടെ നീക്കം. മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന് പ്രതി അക്ഷയ് കുമാർ സിങ് ഡൽഹി പട്യാല ഹൗസ് കോടതിയിൽ ആവശ്യപ്പെട്ടു. പുതിയ ദയാഹർജി സമർപ്പിക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച ഹർജിയിൽ വാദം കേൾക്കും.
പ്രതി പവൻകുമാർ ഗുപ്ത സുപ്രിംകോടതിയിൽ തിരുത്തൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് മറ്റൊരു പ്രതി അക്ഷയ് കുമാർ സിങ് മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതിയോട് ആവശ്യപ്പെട്ടത്. നേരത്തെ രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയില്ലെന്നും പുതിയ ദയാഹർജി സമർപ്പിക്കണമെന്നുമാണ് അക്ഷയ്‌യുടെ ആവശ്യം. മാർച്ച് മൂന്നിന് പുലർച്ചെ ആറ് മണിക്ക് വധശിക്ഷ നടപ്പാക്കൽ തീരുമാനിച്ചിരിക്കെയാണ് പ്രതികൾ വീണ്ടും വിവിധ കോടതികളെ സമീപിക്കുന്നത്.
ഏതെങ്കിലും കോടതിയിൽ ഹർജി പരിഗണനയിൽ ഉണ്ടെങ്കിൽ അതിൽ തീർപ്പാകാതെ വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് വ്യവസ്ഥ. അക്ഷയ് കുമാർ സിങിന്റെ ഹർജിയിൽ തിങ്കളാഴ്ച ജയിൽ അധികൃതർ നിലപാട് അറിയിക്കണമെന്ന് പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. പവൻകുമാർ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.
Story Highlights- Nirbhaya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here