‘കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്, ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല’; ദേവനന്ദയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം. കുട്ടി ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ലെന്ന് മുത്തച്ഛൻ മോഹനൻ പിള്ള പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചോ, ഇരുപതോ മിനിട്ടോ സമയം കൊണ്ട് കുട്ടി അവിടെ എത്തില്ല. ആറിന്റെ ആഴവും പരപ്പും തങ്ങൾക്കറിയാം. കുട്ടി തനിയെ പുറത്തുപോകില്ല. ദേവനന്ദ ഇതിന് മുൻപ് ഒരിക്കൽ പോലും ആറ്റിൽ പോയിട്ടില്ല. പരിചയമില്ലാത്ത വഴിയിലൂടെ കുട്ടി പോകുന്നതെങ്ങനെയെന്ന് മോഹനൻ പിള്ള ചോദിക്കുന്നു. അയൽ വീട്ടിൽ പോലും കുട്ടി പോകില്ല. അമ്മയുടെ ഷാൾ ഇട്ട് കുട്ടി പുറത്തു പോകാനുള്ള സാധ്യതയില്ല. കുട്ടി അടുത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും മോഹനൻ പിള്ള ചൂണ്ടിക്കാട്ടുന്നു.
read also: കാണാതായി ഒരു മണിക്കൂറിനകം മരണം; മൃതദേഹം അഴുകി തുടങ്ങിയിരുന്നു; ദേവനന്ദയുടെ മരണത്തിൽ ഡോക്ടർമാർ
പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാണാതായി ഒരു മണിക്കൂറിനകം ദേവനന്ദയുടെ മരണം സംഭവിച്ചുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചയ്ക്ക് മുൻപ് മരണം സംഭവിച്ചിരിക്കാം. ശ്വാസകോശത്തിൽ ചെളിയും വെള്ളവും ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here