സമാധാന കരാര്‍; 14 മാസത്തിനുള്ളില്‍ അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിൻവാങ്ങുന്നതിന് ധാരണ

താലിബാനും അമേരിക്കയും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ചായിരുന്നു യുഎസ് പ്രത്യേക പ്രതിനിധി സല്‍മെ ഖാലിസാദും താലിബാന്‍ രാഷ്ട്രീയ വിഭാഗം മേധാവി മുല്ല അബ്ദുല്‍ ഘാനി ബറാദറും ചരിത്രപ്രധാനമായ കരാറില്‍ ഒപ്പുവച്ചത്. ഈ കരാര്‍ പ്രകാരം ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള യു എസ് സേനയെ അടുത്ത 14 മാസത്തിനകം തിരികെ വിളിക്കും. എന്നാല്‍ സേനയെ പിന്‍വലിക്കുന്നതിന് കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളെല്ലാം താലിബാന്‍ പാലിക്കണം. സൈന്യത്തെ പിന്‍വലിച്ചാലും അഫ്ഗാനിസ്ഥാനുള്ള സമ്പൂര്‍ണ പിന്തുണ അമേരിക്ക ഉറപ്പ് നല്‍കുന്നുണ്ട്.

ഒരിക്കലും മറക്കാനാവാത്ത ദിനം എന്നായിരുന്നു സമാധാന കരാര്‍ ഒപ്പുവച്ചതിനെ അഫ്ഗാനിസ്ഥാനിലെ യു എസ് എംബസി വിശേഷിപ്പിച്ചത്. അമേരിക്ക തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു താലിബാന്റെ പ്രതികരണം.

താലിബാനുമായുള്ള കരാര്‍ ഒപ്പ് വയ്ക്കുന്നതിന് സാക്ഷിയാകാന്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയും ദോഹയില്‍ എത്തിയിരുന്നു. കരാറിന്റെ തുടര്‍ നടപടികള്‍ക്കായി യു എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ കാബൂളില്‍ എത്തി അഫ്ഗാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.

2001 സെപ്തംബറില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു പിന്നാലെയായിരുന്നു യു എസ് സൈന്യം താലിബാനെ നേരിടാന്‍ അഫ്ഗാനില്‍ എത്തുന്നത്. യു എസ്സിന്റെ ശക്തമായ ആക്രമണത്തില്‍ താലിബാന്‍ ഭീഷണിയെ തകര്‍ക്കാനും കഴിഞ്ഞിരുന്നു.

മുന്‍ പ്രസിഡന്റ് ബരാക് ഓബാമയായിരുന്നു അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഭൂരിഭാഗം പട്ടാളക്കാരെയും പിന്‍വലിക്കുകയും ചെയ്തിരുന്നു. ബാക്കി നിര്‍ത്തിയിരുന്ന സൈന്യത്തെയാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നിറവേറ്റലായും ഈ സൈനിക പിന്മാറ്റത്തെക്കുറിച്ച് പറയുന്നുണ്ട്. വിവിധ രാജ്യങ്ങളിലുള്ള യു എസ് സൈനികരെ തിരികെ നാട്ടില്‍ എത്തിക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ഇത്തരമൊരു കരാറിലൂടെ അമേരിക്ക നടത്തുന്നതൊരു ചൂതാട്ടമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top