Advertisement

ഡൽഹി കലാപത്തിൽ കേന്ദ്രത്തെ വിമർശിച്ച് വിജേന്ദർ സിംഗ്; വിജേന്ദറിനെ ഉപദേശിച്ച് പരേഷ് റാവൽ: ട്വിറ്ററിൽ വാക്പോര്

February 29, 2020
Google News 3 minutes Read

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബോക്സിംഗ് താരം വിജേന്ദർ സിംഗും ചലച്ചിത്ര നടൻ പരേഷ് റാവലും തമ്മിൽ ട്വിറ്ററിൽ വാക്പോര്. കഴിഞ്ഞ വർഷം കോൺഗ്രസിൽ അംഗത്വമെടുത്ത വിജേന്ദർ സിംഗ് കടുത്ത ഭാഷയിലാണ് കേന്ദ്രത്തെ വിമർശിച്ചത്. ‘രാജ്യം മുഴുവൻ ഗുജറാത്താക്കാൻ ഇനിയും സമയമുണ്ടല്ലോ’ എന്നായിരുന്നു വിജേന്ദറിൻ്റെ ട്വീറ്റ്. മറുപടിയായി ബിജെപി എംപിയും നടനുമായ പരേഷ് റാവൽ രംഗത്തെത്തി. ‘പൊട്ടത്തരവും ബോക്സിങ്ങും തമ്മിലുള്ള വ്യത്യാസവും മനസിലാക്കൂ’ എന്നാണ് പരേഷ് വിജേന്ദറിനു നൽകിയ മറുപടി. എന്നാൽ, പരേഷിൻ്റെ ട്വീറ്റിന് വിജേന്ദർ അതേ നാണയത്തിൽ തിരിച്ചടി നൽകി. ‘പൊട്ടത്തരം ഈയിടെയായി രാജ്യത്തെ രണ്ട് പേരിൽ നിന്നാണ് പഠിക്കുന്നതെന്ന്’ മോദിയേയും അമിത് ഷായേയും സൂചിപ്പിച്ച് ട്വീറ്റ് ചെയ്തായിരുന്നു വിജേന്ദറിൻ്റെ മറുപടി.

ഡൽഹി കലാപത്തിൽ 42 പേരാണ് ഇതുവരെ മരണമടഞ്ഞത്. പരുക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. കലാപം ശമിക്കാൻ തുടങ്ങിയതോടെ കടകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെന്ന സൂചനയാണ് ലഭിക്കുന്നത്. എല്ലാ സ്ഥലത്തും കനത്ത സുരക്ഷ തുടരുകയാണ്. സ്ഥിതി ശാന്തമാകാൻ തുടങ്ങിയതിനാൽ നിരോധനാജ്ഞയിൽ ഇളവ് നൽകി. കലാപത്തിന് പിന്നിൽ കോൺഗ്രസാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം. പ്രതിപക്ഷം നുണപ്രചാരം നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.

കലാപകാരികൾ ബിഎസ്എഫ് ജവാന്റെ വീടിനും തീയിട്ടിരുന്നു. ബിഎസ്എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികൾ ചുട്ടെരിച്ചത്. ഡൽഹിയിലെ ഖജുരി ഖാസിൽ ഫെബ്രുവരി 25നായിരുന്നു സംഭവം. മുസ്ലിം വീടുകൾ തിരഞ്ഞു പിടിച്ച് ആക്രമിച്ചു കൊണ്ടിരുന്ന കലാപകാരികൾ അനീസിൻ്റെ വീട് കത്തിക്കുകയായിരുന്നു.

Story Highlights: Vijender Singh clashes with Paresh Rawal on Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here