വനിതാ ടി-20 ലോകകപ്പ്: രാധ യാദവിന് നാലു വിക്കറ്റ്; ഇന്ത്യക്ക് 114 റൺസ് വിജയലക്ഷ്യം

വനിതാ ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 114 റൺസ് വിജയലക്ഷം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ് നേടിയത്. ഇന്ത്യക്കായി രാധ യാദവ് 4 വിക്കറ്റ് വീഴ്ത്തി. 33 റൺസെടുത്ത ക്യാപ്റ്റൻ ചമാരി അത്തപ്പട്ടുവാണ് ലങ്കയുടെ ടോപ്പ് സ്കോറർ.
മൂന്നാം ഓവറിൽ തന്നെ ശ്രീലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 2 റൺസെടുത്ത ഓപ്പണർ ഉമേഷ തിമാഷിനിയെ രാജേശ്വരി ഗെയ്ക്‌വാദിൻ്റെ കൈകളിൽ എത്തിച്ച ദീപ്തി ശർമ്മയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത് രണ്ടാം വിക്കറ്റിൽ അത്തപ്പട്ടുവും ഹർഷിത മാധവിയും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. 12 റൺസെടുത്ത ഹർഷിതയെ രാജേശ്വരി ഗെയ്ക്‌വാദ് ക്ലീൻ ബൗൾഡാക്കി. ഒരു വശത്ത് വിക്കറ്റുകൾ കടപുഴകുമ്പോളും മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ അത്തപ്പട്ടു രാധ യാദവ് കുഴിച്ച കുഴിയിൽ വീണു. 24 പന്തുകളിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സറും സഹിതം 33 റൺസെടുത്ത അത്തപ്പട്ടു ശിഖ പാണ്ഡെയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.
ഹസിനി പെരേര (9), ഹൻസിന കരുണരത്നെ (9) എന്നിവർ രാധ യാദവിൻ്റെ ഇരകളായി മടങ്ങി. ഇരുവരെയും യഥാക്രമം വേദ കൃഷ്ണമൂർത്തിയും തനിയ ഭാട്ടിയയും പിടികൂടുകയായിരുന്നു. മികച്ച രീതിയിൽ ആരംഭിച്ച ശശികല സിരിവർദനെ (13) രാജേശ്വരി ഗെയ്ക്‌വാദിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വേദ കൃഷ്ണമൂർത്തിയാണ് ശശികലയെ പിടികൂടിയത്. അനുഷ്ക സഞ്ജീവനിയെ (1) രാധ യാദവ് വിക്കറ്റിനു മുന്നിൽ കുരുക്കി. നിലകഷി ഡിസിൽവയെ (8) പൂനം യാദവിൻ്റെ പന്തിൽ ഹർമൻപ്രീത് കൗർ ഗംഭീരമായി കൈപ്പിടിയിലൊതുക്കി. സത്യ സന്ദീപനിയെ (0) നേരിട്ട ആദ്യ പന്തിൽ തന്നെ ശിഖ പാണ്ഡെ ക്ലീൻ ബൗൾഡാക്കി. ശ്രീലങ്കയെ 100 കടത്തിയത് അവസാന ഘട്ടങ്ങളിൽ ചില മികച്ച ഷോട്ടുകൾ ഉതിർത്ത കവിഷ ദിൽഹരിയുടെ പ്രകടനമായിരുന്നു. 16 പന്തുകളിൽ 25 റൺസെടുത്ത കവിഷ പുറത്താവാതെ നിന്നു.
Story Highlights: Womens T-20 world cup srilanka innings against india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here