ഡൽഹി ശാന്തമാകുന്നു; നിരവധി കുടുംബങ്ങൾ വീടുകളിലേക്ക്; നഷ്ടപരിഹാര വിതരണം തുടങ്ങി

വടക്ക് കിഴക്കൻ ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു. അർധസൈനിക വിന്യാസം നടന്നിട്ടുള്ള കലാപ മേഖലയിലേക്ക് ഇതിനകം നിരവധി കുടുംബങ്ങൾ മടങ്ങി എത്തി. സർക്കാർ പ്രഖ്യാപിച്ച അടിയന്തര നഷ്ടപരിഹാര തുകയുടെ വിതരണം ആരംഭിച്ചു. നാൽപതിലധികം പേരാണ് കലാപത്തിൽ ഇതിനോടകം കൊല്ലപ്പെട്ടത്.

Read Also: ഡൽഹി കലാപബാധിത പ്രദേശത്ത് നിന്ന് വീണ്ടും മൃതദേഹം കണ്ടെത്തി

കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 885 ആയിട്ടുണ്ട്. 167 എഫ്‌ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ഇതിൽ ആയുധ നിയമം അനുസരിച്ച് 36 കേസുകൾ ആണ് ഉള്ളത്. സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയതിന് 13 കേസുകളും രജിസ്റ്റർ ചെയ്തു. 72 മണിക്കൂറിനിടെ അക്രമസംഭവങ്ങൾ ഒന്നും നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനിടെ ഗോകുൽപുരി മെട്രോ സ്റ്റേഷനോട് ചേർന്നുള്ള അഴുക്കുചാലിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 45 ആയി ഉയർന്നു. സ്ഥിതിഗതികൾ പൂർണമായും പൂർവ സ്ഥിതിയിലായിട്ടില്ലെങ്കിലും വളരെ വേഗം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

ഇന്നും നിരവധി കുടുംബങ്ങളാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങി എത്തിയത്. കലാപ മേഖലയിൽ വിന്യസിച്ചിട്ടുള്ള അർധ സൈനിക വിഭാഗം ക്യത്യമായ ഇടവേളകളിൽ ഫ്‌ളാഗ് മാർച്ച് നടത്തുന്നുണ്ട്. ഇന്നും കർഫ്യൂവിൽ ഇളവ് നൽകി. കാര്യങ്ങൾ സമാധാനപരമായി തുടരുന്ന സാഹചര്യത്തിൽ ഉടൻ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. 18 സബ് ഡിവിഷനുകളിലാണ് പ്രധാനമായും കലാപം പടർന്നത്. ഇവിടങ്ങളിലെ മജിസ്‌ട്രേറ്റുമാർ കലാപ മേഖലകൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. കലാപത്തിന് ഇരയായവർക്ക് ഡൽഹി സർക്കാർ പ്രഖ്യാപിച്ച 25,000 രൂപ നഷ്ടപരിഹാര തുകയുടെ വിതരണവും ആരംഭിച്ചു. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ മരണത്തിൽ പ്രതി ചേർത്ത താഹിർ ഹുസൈൻ നഗരം വിട്ടിട്ടില്ലെന്നാണ് പൊലിസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

 

delhi riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top