റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ അഞ്ചുമാസം; നിയമനം നടക്കാതെ അസിസ്റ്റന്റ് ദന്തൽ സർജൻ തസ്തിക

റാങ്ക് ലിസ്റ്റ് കാലാവധി കഴിയാൻ അഞ്ചുമാസം ബാക്കി നിൽക്കെ നിയമനം നടക്കാതെ അസിസ്റ്റന്റ് ദന്തൽ സർജൻ റാങ്ക് പട്ടിക. 467 പേർ റാങ്ക് ലിസ്റ്റിൽ നിൽക്കെ നിയമനം നൽകിയത് എട്ട് പേർക്ക് മാത്രം. എൻആർഎച്ച്എമ്മിൽ നടക്കുന്ന കരാർ നിയമനങ്ങളെല്ലാം പിഎസ്‌സി ലിസ്റ്റിൽ നിന്നും നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

2017 ഓഗസ്റ്റിലാണു അസിസ്റ്റന്റ് ദന്തൽ സർജന്മാരുടെ റാങ്ക് പട്ടിക നിലവിൽ വരുന്നത്. 467 പേരാണു റാങ്ക് ലിസ്റ്റിലുണ്ടായിരുന്നത്. ഇതിൽ ഇതുവരെ നിയമനം ലഭിച്ചത് എട്ട് പേർക്കു മാത്രമാണ്. ഒഴിവുകളില്ലാത്തതിനാലാണ് നിയമനം ലഭിക്കാത്തതെന്നാണ് സർക്കാർ നിലപാട്. ആരോഗ്യവകുപ്പിനു കീഴിലെ മറ്റു വിഭാഗങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുമ്പോഴും ദന്തൽ സർജന്മാരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ തയാറാകുന്നില്ല. മൂന്നരക്കോടി മലയാളികളുടെ ചികിത്സ നടത്താൻ 134 ദന്തൽ സർജന്മാർ മാത്രമാണ് ആരോഗ്യവകുപ്പിലുള്ളത്.

എൻആർഎച്ച്എമ്മിനു കീഴിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പുതിയ തസ്തികയില്ലെങ്കിൽ ഈ നിയമനത്തിനെങ്കിലും പിഎസ്‌സി ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

ഒഴിവുകളില്ലെന്ന് പറയുമ്പോഴും ഈ തസ്തികയിലേക്ക് വീണ്ടും പരീക്ഷ നടത്താനായി പിഎസ്‌സി വിജ്ഞാപനം ക്ഷണിക്കുകയും ചെയ്തു. എല്ലാ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ദന്ത ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top