Advertisement

നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും ; അഴിമതിയാരോപണങ്ങളില്‍ സഭ പ്രക്ഷുബ്ധമാകാന്‍ സാധ്യത

March 1, 2020
Google News 1 minute Read

പൊലീസിനെതിരായ അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ പേരില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള പ്രതിപക്ഷശ്രമം സഭയെ പ്രക്ഷുബ്ധമാക്കും. മുന്‍മന്ത്രിമാരായ വി കെ ഇബ്രാഹിംകുഞ്ഞിനും വി എസ് ശിവകുമാറിനുമെതിരായ അന്വേഷണങ്ങള്‍ ഭരണപക്ഷവും ആയുധമാക്കും.

കഴിഞ്ഞമാസം സമാപിച്ച പതിനെട്ടാം സമ്മേളനം പോലെ ഇത്തവണ സഭാ സമ്മേളനം സമാധാനപരമാകില്ലെന്നാണ് വിലയിരുത്തല്‍. കുട്ടനാട്ടില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ട് വീറോടും വാശിയോടെയുമുള്ള ഭരണപ്രതിപക്ഷ പോരിനായിരിക്കും പത്തൊന്‍പതാം സമ്മേളനം സാക്ഷ്യം വഹിക്കുക. ഇരുകൂട്ടരുടേയും കൈയിലാകട്ടെ വിഷയങ്ങള്‍ക്ക് പഞ്ഞവുമില്ല. വെടിയുണ്ട കാണാതെ പോയെന്ന സിഎജി റിപ്പോര്‍ട്ട് തന്നെയായിരിക്കും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. തുടര്‍ന്ന് ആഭ്യന്തരവകുപ്പിനും ഡിജിപിക്കുമെതിരെ ഉയര്‍ന്ന ഓരോ ആരോപണങ്ങളും സഭയെ പിടിച്ചുലയ്ക്കും. മറുഭാഗത്ത് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നത് പ്രതിപക്ഷത്തിന്റെ ആവേശം ഇരട്ടിപ്പിക്കും.

പാലാരിവട്ടം പാലം അഴിമതിയില്‍ വി കെ ഇബ്രാഹിംകുഞ്ഞും അനധികൃത സ്വത്ത് സമ്പാദന കേസില്‍ വി എസ് ശിവകുമാറും നേരിടുന്ന അന്വേഷണങ്ങള്‍ ഉപയോഗിച്ചായിരിക്കും ഭരണപക്ഷം തിരിച്ചടിക്കുക. ലൈഫ് പദ്ധതിയുടെ പേരിലും ഭരണപ്രതിപക്ഷ പോര് പ്രതീക്ഷിക്കാം. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് സ്പീക്കര്‍ തന്നെ ആരോപിച്ച സാഹചര്യവും സഭാ സമ്മേളനത്തില്‍ ചര്‍ച്ചയാകും. നാളെ തുടങ്ങുന്ന സമ്മേളനം 27 ദിവസമാണ് നീണ്ട് നില്‍ക്കുക. ഇതില്‍ ഒരുദിവസം പോലും നിലവിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ സമാധാനപരമാക്കില്ലെന്നാണ് വിലയിരുത്തല്‍.

 Story Highlights: budget session, Legislative Assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here