സംശയമുള്ളവർക്ക് സമീപിക്കാം; ദേവനന്ദയുടെ മരണത്തിൽ പ്രത്യേക സെൽ രൂപീകരിച്ചു

ദേവന്ദനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഏതെങ്കിലും ആശങ്കയുണ്ടെങ്കിൽ അത് പൊലീസിന് കൈമാറാമെന്നും പൊലീസ് കൃത്യമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടുന്നതുവരെ കാത്തിരിക്കുന്നില്ല. ആശങ്ക ദൂരിക്കാനുള്ള കൃത്യമായ അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദേവനന്ദയുടെ മരണകാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ പൊലീസ് വേഗത്തിലാക്കി. ശാസ്ത്രീയ പരിശോധനക്കുള്ള തെളിവെടുപ്പും തുടങ്ങി. നാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഫോറൻസിക് സംഘം ഇളവൂരിലെത്തും.

ദേവാനന്ദയെ കാണാതായ വീട് മുതൽ മൃതദേഹം കണ്ടെത്തിയ പുഴ വരെയുള്ള ദൂരം പൊലീസ് അളന്ന് തിട്ടപ്പെടുത്തി. വീട്ടിൽ നിന്ന് പുഴയിലേക്കുള്ള ദൂരം, മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ആഴം എന്നിവയും പൊലീസ് പരിശോധിച്ചു. മണ്ണും വെള്ളവും പരിശോധനക്ക് എടുത്തിട്ടുണ്ട്. ദേവനന്ദയുടെ മൃതദേഹം ലഭിച്ച ദിവസം തന്നെ ഫോറൻസിക് വിദഗ്ധർ പുഴയിലെ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു.

read also: ‘കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്, ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല’; ദേവനന്ദയുടെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം

പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

story highlights- devananda, special cell

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top