മാനസികാരോഗ്യ കേന്ദ്രത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം: പരിശോധനാ ഫലം കാത്ത് ആരോഗ്യ വകുപ്പ്

ചങ്ങനാശേരി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ മരിച്ചത് ന്യൂമോണിയ ബാധിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും പരിശോധനാ ഫലം കാത്ത് ആരോഗ്യ വകുപ്പ്. രോഗികള്‍ക്ക് നല്‍കുന്ന മരുന്നില്‍ ഈയത്തിന്റെ അളവ് കൂടിയിട്ടുണ്ടോ എന്ന സംശയത്തിലാണ് അധികൃതര്‍. ഇന്നലെ മരിച്ച ജേക്കബ് യൂഹന്നോന്റെ ആന്തരിക അവയവങ്ങള്‍ക്ക് പുറമെ ചികിത്സയില്‍ കഴിയുന്നവരുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.

ചികിത്സയുടെ ഭാഗമായി അന്തേവാസികള്‍ക്ക് നല്‍കിയ മരുന്നു വഴി അമിതയളവില്‍ ഈയം ശരീരത്തില്‍ എത്തിയിട്ടുണ്ടാകാം എന്നതാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ സംശയങ്ങളില്‍ ഒന്ന്. മരുന്ന് അളവില്‍ കൂടുതല്‍ നല്‍കിയതാണെന്ന് കണ്ടെത്തിയാല്‍ ചികിത്സാ പിഴവായി കരുതേണ്ടി വരും. തലസ്ഥാനത്തെ ഫോറന്‍സിക് ലാബിന് പുറമെ, അമൃത ആശുപത്രിയിലും രാസ പരിശോധന നടക്കുന്നുണ്ട്.

ഏറ്റവുമൊടുവില്‍ മരിച്ച ഇരുപത്തിമൂന്നുകാരന്‍ ജേക്കബിന്റെ ആന്തരിക സ്രവങ്ങള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്നവരുടെ സാമ്പിളുകളുമാണ് പരിശോധിക്കുന്നത്. മരണ കാരണം ന്യുമോണിയ ആണെന്ന് പ്രാഥമിക വിലയിരുത്തല്‍ ഉണ്ടായെങ്കിലും ഇതിലേക്ക് നയിച്ച അസ്വാഭാവിക കാരണങ്ങള്‍ ഉണ്ടോ എന്നാണ് വ്യക്തമാകേണ്ടത്.

അന്തേവാസികളെ മര്‍ദിക്കുന്നതായും, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാര്‍പ്പിക്കുന്നതായും പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. എങ്കിലും അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. രാസപരിശോധനാ ഫലവും പോസ്റ്റ്‌മോര്‍ട്ടം അന്തിമ റിപ്പോര്‍ട്ടും ലഭിച്ച ശേഷമെ പൊലീസ് തുടര്‍ നടപടികളിലേക്ക് നീങ്ങൂ. ഒരാഴ്ചക്കിടെ മൂന്ന് മരണങ്ങള്‍ ഉണ്ടായതോടെ, സ്ഥാപനം അടച്ചു പൂട്ടി അന്തേവാസികളെ ഇവിടെ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top