കൊറോണയ്ക്ക് ഏറ്റവും നല്ല ഔഷധം ചാണകമെന്ന് ബിജെപി എംഎൽഎ

കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല ഔഷധം ചാണകമെന്ന് ബിജെപി എംഎൽഎ. അസമിൽ നിന്നുള്ള എംഎൽഎ സുമൻ ഹരിപ്രിയ നിയമസഭയിലാണ് ഇക്കാര്യമറിയിച്ചത്.
ചാണകം കത്തിക്കുമ്പോൾ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാൻ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാൻ ചാണകം സഹായിക്കുമെന്നാണ് സുമന്റെ വാദം. ഗോമൂത്രത്തിനും വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്നും സുമൻ പറഞ്ഞു. പശുക്കടത്തുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
ശാസ്ത്രീയമായ കാരണങ്ങൾ കൊണ്ടാണ് മതപരമായ ചടങ്ങുകൾക്ക് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത്. ഗുജറാത്തിലെ വിവിധ ആശുപത്രികളിൽ രോഗികൾക്ക് ചാണകവും ഗോമൂത്രവും ചേർത്ത് തയ്യാറാക്കുന്ന പഞ്ചാമൃത് നൽകാറുണ്ട്. കാൻസറിനെ പ്രതിരോധിക്കാൻ ഇവ രണ്ടും നല്ല ഔഷധമാണ്. ഇതിലൂടെ പലരുടെയും രോഗം മാറിയതായി മനസിലാക്കിയിട്ടുണ്ട്. പശു തങ്ങൾക്ക് തരുന്ന എല്ലാം പ്രധാനമാണെന്നും എംഎൽഎ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here