വനിതാ ടി-20 ലോകകപ്പ്: മരണ ഗ്രൂപ്പിൽ ഇന്ത്യക്ക് പിന്നാലെ ഓസ്ട്രേലിയ സെമിയിൽ; ന്യൂസീലൻഡ് പുറത്ത്

വനിതാ ടി-20 ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ ആതിഥേയരായ ഓസ്ട്രേലിയയും സെമിയിൽ കടന്നു. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ സെമി പ്രവേശനം നേടിയത്. ന്യുസീലൻഡിനെ നാല് റൺസിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 155 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യുസീലൻഡിന് 7 വിക്കറ്റ് നഷ്ടപ്പെടുത്തി 151 റൺസെടുക്കാനേ സാധിച്ചുള്ളൂ. 18 പന്തുകളിൽ 37 റൺസെടുത്ത് പുറത്താവാതെ നിന്ന കേറ്റി മാർട്ടിൻ ആണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. ഓസീസിനായി മേഗൻ ഷൂട്ടും ജോർജിയ വെയർഹമും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് പിന്നിൽ രണ്ടാമതാണ്“` ഓസീസ്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 60 റൺസെടുത്ത ബെത് മൂണിയുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ക്യാപ്റ്റൻ മെഗ് ലാനിംഗ് (21), ആഷ്ലി ഗാർഡ്നർ (20), എലിസ് പെറി (21), റേച്ചൽ ഹെയിൻസ് (8 പന്തുകളിൽ 19) എന്നിവരും ഓസീസ് സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. അന്ന പീറ്റേഴ്സൺ ന്യൂസിലൻഡിനായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ അഞ്ച് താരങ്ങൾ ന്യുസീലൻഡിനായി ഇരട്ടയക്കം നേടിയെങ്കിലും ഉജ്ജ്വലമായി പന്തെറിഞ്ഞ ഓസീസ് വിജയം പിടിച്ചു വാങ്ങുകയായിരുന്നു. റേച്ചൽ പ്രീസ്റ്റ് (17), സോഫി ഡിവൈൻ (31), സൂസി ബേറ്റ്സ് (14), മാഡി ഗ്രീൻ (28) എന്നിവർ ന്യുസീലൻഡിനായി തിളങ്ങി. അവസാന ഘട്ടം വരെ ന്യുസീലൻഡ് പൊരുതിയെങ്കിലും ഓസീസ് ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Story Highlights: womens t 20 world cup australia defeated new zealand enters semifinal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here